ലങ്ക പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് 28ന് ആരംഭിക്കുവാന്‍ ബോര്‍ഡിന്റെ അംഗീകാരം

ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 20 വരെ നീളുന്ന ലങ്ക പ്രീമിയര്‍ ലീഗിന് അനുമതി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് ബോര്‍ഡ് ഈ ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് അനുമതി കൊടുത്തത്. 4 അന്താരാഷ്ട്ര വേദികളിലായി 23 മത്സരങ്ങളാവും ലീഗിലുണ്ടാകുക.

കൊളംബോ, കാന്‍ഡി, ഗോള്‍, ഡാംബുല്ല, ജാഫ്ന എന്നിവിടങ്ങളിലെ അഞ്ച് ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, രണഗിരി ഡാംബുല്ല അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, പല്ലേകീലേ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, സൂര്യവേവ മഹിന്ദ രാജപക്സേ അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവയാണ് മത്സരവേദി.

70 അന്താരാഷ്ട്ര താരങ്ങളും 10 മുന്‍ നിര കോച്ചുമാരും ടൂര്‍ണ്ണമെന്റുമായി സഹകരിക്കുമെന്നാണ് അറിയുന്നത്.