CricketFeatured

സീനിയർ വനിതാ ട്വന്റി-20യിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

Resizedimage 2026 11 04 18 40 35 0437[1]

ലഖ്‌നൗ: ദേശീയ സീനിയർ വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ഗുജറാത്ത്. എട്ട് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് പത്ത് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർ കിരൺ നവ്ഗിരെയുടെ വിക്കറ്റ് (0) നഷ്ടമായി. ടി. ഷാനി 13ഉം വി. ദൃശ്യ 18ഉം റൺസ് നേടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 33 റൺസെന്ന നിലയിലായിരുന്നു കേരളം. നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ആശ ശോഭനയും എ. അക്ഷയയും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആശ ശോഭന 30 റൺസും എ. അക്ഷയ 38 പന്തുകളിൽ നിന്ന് പുറത്താകാതെ 51 റൺസും നേടി. ഗുജറാത്തിന് വേണ്ടി അനുഷ്ക രാജ്പുത് രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് ക്യാപ്റ്റൻ സിമ്രൻ പട്ടേലിന്റെയും ചാർലി സോളങ്കിയുടെയും അർദ്ധ സെഞ്ച്വറികളാണ് അനായാസ വിജയം സമ്മാനിച്ചത്. 21 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായ ഗുജറാത്തിനെ സിമ്രാനും ചാർലിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കരകയറ്റിയത്. സിമ്രൻ 58ഉം ചാർലി 57ഉം റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.