പവര്‍ ഹിറ്റിംഗുമായി ജോസ് ബട്‍ലര്‍, ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയുമായി ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കകുയായിരുന്നു. 158 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 18.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് വിജയം ഉറപ്പാക്കിയത്. 54 പന്തില്‍ 77 റണ്‍സ് നേടിയ ജോസ് ബട്‍ലറുടെ ഇന്നിംഗ്സാണ് ഇംഗ്ലണ്ട് നിരയില്‍ വേറിട്ട നിന്ന പ്രകടനം.

ദാവീദ് മലനുമായി രണ്ടാം വിക്കറ്റില്‍ ജോസ് ബട്‍ലര്‍ നേടി 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. മലന്റെ വിക്കറ്റ് വീണ ശേഷം ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് കൂടി വേഗത്തില്‍ നഷ്ടമായെങ്കിലും ബട്‍ലര്‍ ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. 32 പന്തില്‍ 42 റണ്‍സാണ് ദാവീദ് മലന്‍ നേടിയത്.

മോയിന്‍ അലി 13 റണ്‍സുമായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത് ജോസ് ബട്‍ലറിന് മികച്ച പിന്തുണ നല്‍കി. സിക്സര്‍ പറത്തിയാണ് ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്. ഓസ്ട്രേലിയയ്ക്കായി ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് നേടി.