കൊല്‍ക്കത്ത നന്ദി പറയണം ത്രിപാഠിയോട്, നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി ശര്‍ദ്ധുല്‍ താക്കൂര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓപ്പണറായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി ഒഴികെ മറ്റു താരങ്ങള്‍ എല്ലാം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 167 റണ്‍സ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 50 പന്തില്‍ നിന്ന് 81 റണ്‍സാണ് രാഹുല്‍ ത്രിപാഠി ഇന്ന് നേടിയത്. അവസാന പന്തില്‍ കൊല്‍ക്കത്ത ഓള്‍ഔട്ട് ആകുകയായിരുന്നു.

സുനില്‍ നരൈന് പകരം രാഹുല്‍ ത്രിപാഠിയെ ഓപ്പണിംഗില്‍ പരീക്ഷിച്ചാണ് കൊല്‍ക്കത്ത ഇന്ന് ചെന്നൈയ്ക്കെതിരെ ഇറങ്ങിയത്. രാഹുല്‍ ഈ അവസരം മുതലാക്കി യഥേഷ്ടം റണ്‍സ് കണ്ടെത്തിയപ്പോള്‍ ശുഭ്മന്‍ ഗില്‍ സിംഗിളുകള്‍ നേടി കൂടുതല്‍ സ്ട്രൈക്ക് രാഹുലിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്ലിനെയാണ് കൊല്‍ക്കത്തയ്ക്ക് ഇന്ന് ആദ്യം നഷ്ടമായത്. 11 റണ്‍സാണ് ഗില്‍ നേടിയത്. ശര്‍ദ്ധുല്‍ താക്കൂറിനാണ് വിക്കറ്റ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 52 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

Shardul Thakur

ഗില്‍ മടങ്ങിയെങ്കിലും രാഹുല്‍ ത്രിപാഠി സ്വസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശി തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഇതിനിടെ നിതീഷ് റാണയെയും(9) കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 31 പന്തില്‍ നിന്നാണ് ത്രിപാഠി തന്റെ അര്‍ദ്ധ ശതകം നേടിയത്.

ടോപ് ഓര്‍ഡറില്‍ നിന്ന് സുനില്‍ നരൈനെ നാലാം നമ്പറില്‍ കൊല്‍ക്കത്ത പരീക്ഷിച്ചപ്പോള്‍ ഡ്വെയിന്‍ ബ്രോവോയുടെ ഓവറില്‍ ഒരു സിക്സും ഫോറം അടക്കം കൊല്‍ക്കത്തയ്ക്ക് 19 റണ്‍സ് നേടുവാന്‍ സാധിച്ചപ്പോള്‍ പത്തോവറില്‍ 93 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. എന്നാല്‍ മികച്ച ഒരു ക്യാച്ചിലൂടെ നരൈനെ ജഡേജയും ഡു പ്ലെസിയും ചേര്‍ന്ന് പിടിച്ച് പുറത്താക്കിയപ്പോള്‍ കരണ്‍ ശര്‍മ്മയ്ക്ക് രണ്ടാം വിക്കറ്റ് ലഭിച്ചു.

കൊല്‍ക്കത്തയുടെ പ്രതീക്ഷയായിരുന്ന ഓയിന്‍ മോര്‍ഗനെ(7) പുറത്താക്കി സാം കറന്‍ എതിരാളികള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്. 14 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 114/4 എന്ന നിലയിലായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.

ത്രിപാഠി 81 റണ്‍സ് നേടി പുറത്തായ ശേഷം 9 പന്തില്‍ 17 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സിന്റെ മികവിലാണ് കൊല്‍ക്കത്ത 167 റണ്‍സിലേക്ക് എത്തിയത്. ചെന്നൈയ്ക്കായി ഡ്വെയിന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കരണ്‍ ശര്‍മ്മ, സാം കറന്‍, ശര്‍ദ്ധുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.