വെടിക്കെട്ടിന് പേര് കേട്ട ഓപ്പണര്‍മാര്‍ക്ക് പിഴച്ചു, സണ്‍റൈസേഴ്സിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

Patcummins

കൊല്‍ക്കത്ത ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സേ നേടാനായുള്ളു. മനീഷ് പാണ്ടേ നേടിയ 51 റണ്‍സാണ് ഈ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ മനീഷ് പാണ്ടേ – വൃദ്ധിമന്‍ സാഹ കൂട്ടുകെട്ട് നേടിയ 62 റണ്‍സിന് ടി20യുടെ വേഗതയില്ലായിരുന്നുവെങ്കിലും ബൗളര്‍മാര്‍ക്ക് പൊരുതി നോക്കുവാനാകുന്ന സ്കോറിലേക്ക് ടീമിനെ എത്തിക്കുവാന്‍ അത് സഹായിച്ചു.

Manishpandey

4ാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയുടെ കുറ്റി പാറ്റ് കമ്മിന്‍സ് തെറിപ്പിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 24 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. 36 റണ്‍സ് നേടിയെങ്കിലും വാര്‍ണര്‍ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വിശുവാനായിരുന്നില്ല. പത്താം ഓവറില്‍ വാര്‍ണര്‍ പുറത്താകുമ്പോള്‍ 59 റണ്‍സായിരുന്നു സണ്‍റൈസേഴ്സിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റില്‍ 35 റണ്‍സാണ് വാര്‍ണര്‍ മനീഷ് പാണ്ടേയുടെ ഒപ്പം നേടിയത്.

വെടിക്കെട്ട് ഓപ്പണര്‍മാര്‍ ഇരുവരും മടങ്ങിയ ശേഷം സണ്‍റൈസേഴ്സിന്റെ രക്ഷയ്ക്കെത്തിയത് മനീഷ് പാണ്ടേ ആയിരുന്നു. മനീഷ് പാണ്ടേയും വൃദ്ധിമന്‍ സാഹയും ചേര്‍ന്ന് സ്കോര്‍ 121 ല്‍ എത്തിച്ചുവെങ്കിലും 51 റണ്‍സ് നേടിയ പാണ്ടേയെ ആന്‍ഡ്രേ റസ്സല്‍ പുറത്താക്കി. 30 റണ്‍സാണ് വൃദ്ധിമന്‍ സാഹ നേടിയത്.

കൊല്‍ക്കത്ത ബൗളര്‍മാരില്‍ കഴിഞ്ഞ മത്സരത്തില്‍ കണക്കിന് പ്രഹരം ഏറ്റ പാറ്റ് കമ്മിന്‍സ് ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് ഇന്ന് കണ്ടത്. കമ്മിന്‍സ് തന്റെ 4 ഓവറില്‍ വെറും 19 റണ്‍സ് വിട്ട് നല്‍കി ഒരു വിക്കറ്റ് നേടി.

Previous articleഡോർട്മുണ്ടിന് ലീഗിലെ അദ്യ പരാജയം
Next articleമൂന്നിൽ മൂന്ന് വിജയം, എവർട്ടൺ കുതിക്കുന്നു!!