കളിക്കാൻ സമ്മതിച്ചില്ലെങ്കിൽ എന്ത്! പരിശീലകനായി പ്രവീൺ താംബെ കൊൽക്കത്തയിലേക്ക്

Photo: BCCI
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിലേക്ക് വെറ്ററൻ താരം പ്രവീൺ താംബെയും. 48കാരനായ പ്രവീൺ താംബെ കരീബിയൻ പ്രീമിയർ ലീഗ് കളിച്ചതിന് ശേഷമാണ് കൊൽക്കത്തയുടെ പരിശീലക സംഘത്തിലെത്തുന്നത്. പ്രവീൺ താംബെ കൊൽക്കത്തയുടെ പരിശീലക സംഘത്തിലെത്തുന്ന വിവരം ടീം സി.ഇ.ഓ വെങ്കി മൈസൂർ ആണ് അറിയിച്ചത്.

നേരത്തെ കഴിഞ്ഞ ഡിസംബറിൽ നടന്ന ഐ.പി.എൽ ലേലത്തിൽ പ്രവീൺ താംബെയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരുന്നു. എന്നാൽ അബുദാബിയിൽ നടന്ന ടി10 ലീഗിൽ കളിച്ചതിന്റെ അടിസ്ഥാനത്തിൽ ബി.സി.സി.ഐ താരത്തെ ഐ.പി.എല്ലിൽ നിന്ന് വിലക്കുകയായിരുന്നു. അന്ന് ഒരു ഫ്രാഞ്ചൈസി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടി താരമായിരുന്നു പ്രവീൺ താംബെ.

നിലവിൽ വിദേശ ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐ അനുവാദം നൽകാറില്ല. അന്താരാഷ്ട്ര- ആഭ്യന്തര ക്രിക്കറ്റുകളിൽ നിന്ന് വിരമിച്ചതിന് ശേഷം മാത്രമാണ് താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളത്. പ്രവീൺ താംബെ ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുകയും കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാവുകയും ചെയ്തിരുന്നു.

Advertisement