ഐപിഎല്‍ സമയത്ത് കാണികളെ അനുവദിച്ചേക്കും, എമറൈറ്റ്സ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത് 35-50 ശതമാനം കാണികളെ

- Advertisement -

യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ 2020ന് കാണികളെ അനുവദിക്കുന്നതിന്റെ ആലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞ് എമറൈറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപില്‍ നടക്കുമ്പോള്‍ 35-50 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുന്നത് ആലോചനയിലുണ്ടെന്നാണ് ബോര്‍ഡ് വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്. എന്നാല്‍ ബോര്‍ഡിന്റെ ഈ നീക്കത്തിന് സര്‍ക്കാര്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്.

നേരത്തെ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞത് കാണികളെ അനുവദിക്കണോ വേണ്ടയോ എന്ന തീരുമാനം യുഎഇ സര്‍ക്കാരിന്റേതാകുമെന്നായിരുന്നു. ബിസിസിഐയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ തങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനെ കൃത്യമായ പ്ലാനുമായി സമീപിക്കുമെന്നാണ് യുഎഇ സെക്രട്ടറി മുബാഷിര്‍ ഉസ്മാനി അഭിപ്രായപ്പെട്ടത്.

കൊറോണ കേസുകളുടെ എണ്ണം ഗണ്യമായി കുറച്ച് കൊണ്ടുവരുവാന്‍ യുഎഇ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ രാജ്യത്ത് സ്ഥിതിഗതികള്‍ സാധാരണ നിലയിലാണ്. ഐപിഎല്‍ സമയത്ത് അനുയോജ്യമായ തീരുമാനം സര്‍ക്കാരും ബോര്‍ഡും ചേര്‍ന്ന് കൈക്കൊള്ളുമെന്നും ഉസ്മാനി വ്യക്തമാക്കി.

Advertisement