നാലാം തവണയും രോഹിത്തിന് മുൻപിൽ മുട്ട് മടക്കി ധോണി

Vipin Pawar / Sportzpics for BCCI
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഈ സീസണിൽ നാലാം തവണയും രോഹിത് ശർമ്മക്കും മുംബൈ ഇന്ത്യൻസിനും മുൻപിൽ മുട്ടുമടക്കി ധോണിയും ചെന്നൈ സൂപ്പർ കിങ്‌സും. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഈ വർഷം നാല് തവണ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ പോലും ജയിക്കാൻ ചെന്നൈക്കായിരുന്നില്ല. ഈ വർഷത്തെ ഐ.പി.എൽ ഫൈനൽ അടക്കം ഇരു ടീമുകളും പരസ്പരം കളിച്ച നാല് മത്സരങ്ങളും രോഹിത് ശർമയും സംഘവുമാണ് ജയിച്ചത്.

ഈ ഐ.പി.എൽ സീസണിന്റെ തുടക്കത്തിൽ മുംബൈയിൽ വെച്ചാണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് 37 റൺസിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിന്റെ കെട്ടുകെട്ടിച്ചത്. തുടർന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് ഏകപക്ഷീയമായാണ് ജയിച്ചത്. 46 റൺസിനായിരുന്നു ചെന്നൈയിൽ വെച്ച് മുംബൈ ഇന്ത്യൻസിന്റെ ജയം.

തുടർന്ന് ക്വാളിഫയർ മത്സരത്തിലാണ് മുംബൈ ചെന്നൈക്കെതിരെ തങ്ങളുടെ ആധിപത്യം കാണിച്ചത്. ഇത്തവണ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈയെ തോൽപ്പിച്ച് ഐ.പി.എൽ ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നടന്ന ഐ.പി.എൽ ഫൈനലിലാവട്ടെ മുംബൈ നേരിയ വിജയം മാത്രമാണ് നേടിയത്. ഒരു റൺസിന് ജയിച്ചാണ് രോഹിത് മുംബൈ ഇന്ത്യൻസിനെ തങ്ങളുടെ നാലാം ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത്.

Advertisement