31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ വരെ എത്തിച്ച് പാറ്റ് കമ്മിന്‍സ്, നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും

Patcummins
- Advertisement -

ഐപിഎലില്‍ 19 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 220 റണ്‍സ് നേടിയ ടീം എതിരാളികളായ കൊല്‍ക്കത്തയെ 202 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ദീപക് ചഹാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന കൊല്‍ക്കത്ത 31/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഇതില്‍ നാല് വിക്കറ്റും ചഹാര്‍ തന്നെയാണ് വീഴ്ത്തിയത്. അവിടെ നിന്ന് ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും അവസാനം പാറ്റ് കമ്മിന്‍സും ചെന്നൈ ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു.

Deepakchahar

ആദ്യ ഓവറില്‍ ശുഭ്മന്‍ ഗില്ലിനെയും രണ്ടാം ഓവറില്‍ നിതീഷ് റാണയെയും വീഴ്ത്തിയ ചഹാര്‍ തന്റെ മൂന്നാം ഓവറില്‍ ഓയിന്‍ മോര്‍ഗനെയും സുനില്‍ നരൈനെയും വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. രാഹുല്‍ ത്രിപാഠിയെ ലുംഗിസാനി എന്‍ഗിഡി പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത തോല്‍വി ഉറപ്പാക്കി.

Andrerussell2

ആറാം വിക്കറ്റി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയ്ക്കായി പൊരുതി നോക്കുകയായിരുന്നു. 81 റണ്‍സാണ് 6 ഓവറില്‍ നിന്ന് റസ്സല്‍ – കാര്‍ത്തിക്ക് കൂട്ടുകെട്ട് നേടിയത്. 22 പന്തില്‍ 54 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്നു റസ്സലിന്റെ വിക്കറ്റ് സാം കറന്‍ വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

Andrerussell

പാറ്റ് കമ്മിന്‍സും ദിനേശ് കാര്‍ത്തിക്കും ഏഴാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 24 പന്തില്‍ 40 റണ്‍സ് നേടിയ കൊല്‍ക്കത്ത മുന്‍ നായകന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായി. മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ 75 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ 16ാം ഓവറില്‍ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 30 റണ്‍സ് പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ ലക്ഷ്യം 24 പന്തില്‍ 45 റണ്‍സായി കുറഞ്ഞു. എന്നാല്‍ മൂന്ന് വിക്കറ്റ് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ പക്കലുണ്ടായിരുന്നത്.

അടുത്ത ഓവറില്‍ കമലേഷ് നാഗര്‍കോടിയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായപ്പോള്‍ സ്ട്രൈക്ക് വീണ്ടും പാറ്റ് കമ്മിന്‍സിന്റെ പക്കലെത്തി. എന്‍ഗിഡി എറിഞ്ഞ ഓവറില്‍ അധികം റണ്‍സ് വന്നില്ലെങ്കിലും അടുത്ത ഓവറില്‍ 23 പന്തില്‍ നിന്ന് കമ്മിന്‍സ് തന്റെ അര്‍ദ്ധ ശതകം തികച്ചു. 12 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 18ാം ഓവറില്‍ പിറന്നത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 28 ആയി മാറി

19ാം ഓവര്‍ എറിയുവാന്‍ ധോണി സാം കറനെ തന്നെ ദൗത്യം ഏല്പിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. ഓവറില്‍ 8 റണ്‍സ് മാത്രം വന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി മാറി.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ ഓടാന്‍ നോക്കിയ കൊല്‍ക്കത്തയ്ക്ക് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ പ്രസിദ്ധ കൃഷ്ണയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് പുറത്താകാതെ 34 പന്തില്‍ 66 റണ്‍സുമായി നിന്നു. റസ്സലും കമ്മിന്‍സും ആറ് വീതം സിക്സുകളാണ് നേടിയത്.

Advertisement