ബയോ ബബിളില്‍ നിന്ന് പുറത്ത് കടന്നുവെങ്കിലും നാട്ടിലേക്ക് മടങ്ങാനാകാതെ ആഡം സംപയും കെയിന്‍ റിച്ചാര്‍ഡ്സണും

Adamzampa

ഇന്ത്യയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചതോടെ ബയോ ബബിളില്‍ നിന്ന് പുറത്ത് കടന്നുവെങ്കിലും നാട്ടിലേക്ക് മടങ്ങാനാകാതെ ഓസ്ട്രേലിയന്‍ താരങ്ങളായ കെയിന്‍ റിച്ചാര്‍ഡ്സണും ആഡം സംപയും. ഇരു താരങ്ങളും ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് അറിയുന്നത്.

ക്രിക്കറ്റ് ഓസ്ട്രേലിയ ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണെങ്കിലും അനുകൂലമായ നിലപാട് ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. മറ്റു പൗരന്മാര്‍ക്ക് മേല്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കില്ലെന്നാണ് സര്‍ക്കാര്‍ നയം. മേയ് 15 വരെയാണ് ഫ്ലൈറ്റുകള്‍ റദ്ദാക്കുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.

മുംബൈയില്‍ എയര്‍പോര്‍ട്ടിന് അടുത്തുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നതെന്നാണ് അറിയുന്നത്. ക്രിക്കറ്റര്‍മാര്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള കരാറുകളുമായാണ് ഈ ടൂര്‍ണ്ണമെന്റ് കളിക്കുവാന്‍ പോയിരിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി കളിക്കാന്‍ പോയ സംഘത്തിന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ പ്രത്യേക സൗകര്യം ഇപ്പോള്‍ തിരിച്ചുവരുവാനായി നല്‍കാനാകില്ലെന്നും പ്രൈം മിനിസ്റ്റര്‍ സ്കോട്ട് മോറിസണ്‍ ഈ വിഷയത്തില്‍ പ്രതികരണമായി പറഞ്ഞിരുന്നു.