മോയിന്‍ അലിയുടെയും എബി ഡി വില്ലിയേഴ്സിന്റെയും മികവില്‍ 171 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിരാട് കോഹ്‍ലിയെയും(8) പാര്‍ത്ഥിവ് പട്ടേലിനെയും(28) തുടക്കത്തില്‍ നഷ്ടമായ ശേഷം മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ മോയിന്‍ അലിയും എബി ഡി വില്ലിയേഴ്സും നേടിയ 95 റണ്‍സിന്റെ ബലത്തില്‍ 171 റണ്‍സിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറില്‍ റണ്ണൗട്ട് ആവുമ്പോള്‍ 51 പന്തില്‍ നിന്ന് 75 റണ്‍സാണ് എബി ഡി വില്ലിയേഴ്സ് നേടിയത്. ലസിത് മലിംഗയുടെ ബൗളിംഗിലൂടെയാണ് മുംബൈ ഇന്നിംഗ്സിന്റെ അവസാനത്തില്‍ ബാംഗ്ലൂരിനെ പിടിച്ചുകെട്ടിയത്. ഏഴ് വിക്കറ്റുകളാണ് ബാംഗ്ലൂരിനു നഷ്ടമായത്.

മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ വിരാട് കോഹ്‍ലിയെ മികച്ച പന്തിലൂടെ ക്വിന്റണ്‍ ഡി കോക്കിന്റെ കൈകളിലെത്തിച്ച് ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് ബാംഗ്ലൂരിനു ആദ്യ തിരിച്ചടി നല്‍കി. തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശിയ പാര്‍ത്ഥിവ് പട്ടേല്‍ പുറത്താകുമ്പോള്‍ ബാംഗ്ലൂര്‍ 49 റണ്‍സാണ് നേടിയത്. 37 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേലും എബി ഡി വില്ലിയേഴ്സും ചേര്‍ന്ന് നേടിയത്.

പിന്നീട് മൂന്നാം വിക്കറ്റില്‍ ശക്തമായ പ്രകടനം പുറത്തെടുക്കുന്ന എബിഡി-മോയിന്‍ അലി കൂട്ടുകെട്ടിനെയാണ് കണ്ടത്. അതിവേഗം ബാറ്റ് വീശിയ മോയിന്‍ അലി 32 പന്തില്‍ നിന്ന് 50 റണ്‍സ് നേടി പുറത്തായപ്പോള്‍ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 5 സിക്സും ഒരു ഫോറും അടക്കമായിരുന്നു മോയിന്‍ അലിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്. അതേ ഓവറില്‍ തന്നെ മാര്‍ക്കസ് സ്റ്റോയിനിസിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി.

തുടക്കം അതിവേഗത്തിലല്ലായിരുന്നുവെങ്കിലും മോയിന്‍ പുറത്തായ ശേഷം തന്റെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത എബിഡി യഥേഷ്ടം സിക്സും ഫോറും നേടുകയായിരുന്നു. എന്നാല്‍ അവസാന ഓവറില്‍ മലിംഗയെ സിക്സര്‍ പറത്തിയ ശേഷം രണ്ടാം പന്തില്‍ രണ്ടാം റണ്‍ നേടുന്നതില്‍ നിന്ന് അക്ഷദീപ് നാഥ് എബിഡിയെ തിരികെ അയയ്ച്ചപ്പോള്‍ താരം റണ്ണൗട്ടാവുന്നതാണ് കണ്ടത്.

അതോടെ 185നു മുകളില്‍ റണ്‍സ് നേടുമെന്ന കരുതിയ ബാംഗ്ലൂര്‍ ഇന്നിംഗ്സിന്റെ താളം തെറ്റി. അത് കഴിഞ്ഞ അക്ഷ്ദീപിനെയും പവന്‍ നേഗിയെയും ഒരേ ശൈലിയില്‍ പുറത്താക്കി മലിംഗ മുംബൈയ്ക്ക് മേധാവിത്വം നേടിക്കൊടുത്തു. ബൗണ്ടറി ലൈനില്‍ നിന്നുള്ള ഡയറക്ട് ത്രോയിലൂടെയാണ് പൊള്ളാര്‍ഡ് എബിഡിയെ പുറത്താക്കിയത്. മലിംഗ നാല് വിക്കറ്റ് നേടി തന്റെ മടങ്ങിവരവ് ആഘോഷിച്ചു.