ഐപിഎലില്‍ ആയിരം റണ്‍സ് ഒരു സീസണില്‍ തികയ്ക്കുന്ന താരമാകണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ട് – റോബിന്‍ ഉത്തപ്പ

വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ കളിക്കുവാനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ കളിച്ച താരത്തിന് കാര്യമായ സംഭാവന ടീമിന് നല്‍കുവാന്‍ സാധിച്ചിരുന്നില്ല. താരത്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി രാജസ്ഥാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ട്രേഡ് ചെയ്യുകയായിരുന്നു. ഓള്‍-ക്യാഷ് ഡീല്‍ പ്രകാരം ആയിരുന്നു ഈ മാറ്റം.

കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ കളിച്ച താരത്തിന് സ്ഥിരമായ ഒരു ബാറ്റിംഗ് പൊസിഷന്‍ ടീമില്‍ നേടുവാന്‍ സാധിച്ചിരുന്നില്ല. 196 റണ്‍സ് മാത്രം നേടിയ താരം മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരമായിരുന്നു.

ടീമിന് വേണ്ടി എത്രയും അധികം മത്സരങ്ങള്‍ വിജയിപ്പിക്കുവാന്‍ സാധിക്കുന്നുവോ അത്രയും അധികം മത്സരങ്ങള്‍ ജയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ഐപിഎലില്‍ ഒരു സീസണില്‍ ആയിരം റണ്‍സ് നേടുന്ന താരമായി തനിക്ക് മാറണമെന്നാണ് താരം ആഗ്രഹം പ്രകടിപ്പിച്ചത്.

973 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയാണ് ഐപിഎലില്‍ ഒരു സീസണില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരം. 2014ല്‍ റോബിന്‍ ഉത്തപ്പ 660 റണ്‍സ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഒരു സീസണിലെ സ്കോര്‍.