നടരാജന്റെ ഓവറിൽ നാല് സിക്സ്, അവസാന പന്തിൽ റണ്ണൗട്ട്, ടിം ഡേവിഡിന്റെ വെല്ലുവിളിയെ മറികടന്ന് സൺറൈസേഴ്സിന് ജയം

Timdavid

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദ്രാാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 193 റൺസ് നേടിയപ്പോള്‍ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് മാത്രമേ നേടാനായുള്ളു. 3 റൺസ് വിജയം സൺറൈസേഴ്സ് നേടിയപ്പോള്‍ ടിം ഡേവിഡ് 18 പന്തിൽ 46 റൺസ് നേടിയുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് സൺറൈസേഴ്സിന്റെ വിജയം.

ഒന്നാം വിക്കറ്റിൽ 95 റൺസാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് മുംബൈയ്ക്ക് തിരിച്ചടിയായി.  രോഹിത് ശര്‍മ്മ 48 റൺസും ഇഷാന്‍ കിഷന്‍ 43 റൺസും നേടിയാണ് ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയത്.

പിന്നീട് തുടരെ വിക്കറ്റുകള്‍ മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീമിന്റെ പ്രതീക്ഷയായി ടിം ഡേവിഡ് ആണ് ബാറ്റ് വീശിയത്. മൂന്നോവറിൽ വിജയത്തിനായി 44 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.

നടരാജന്‍ എറിഞ്ഞ 18ാം ഓവറിൽ നാല് സിക്സ് അടിച്ച് ടിം ഡേവിഡ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും അവസാന പന്തിൽ സിംഗിള്‍ നേടി സ്ട്രൈക്ക് നേടുവാനായി ശ്രമിച്ച ഡേവിഡ് റണ്ണൗട്ടായതോടെ രണ്ടോവറിൽ 19 റൺസായി ലക്ഷ്യം മാറി. 26 റൺസാണ് നടരാജന്റെ ഓവറിൽ പിറന്നത്.

19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ സഞ്ജയ് യാദവിനെ പുറത്താക്കുകയും ഓവറിൽ നിന്ന് ഒരു റൺസ് പോലും വിട്ട് നൽകാതെയും ഇരുന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 19 റൺസായി മാറി. 15 റൺസ് നേടുവാന്‍ രമൺദീപ് സിംഗിന് സാധിച്ചുവെങ്കിലും 3 റൺസ് വിജയവുമായി സൺറൈസേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി.