തുടര്‍ തോൽവികളിൽ നിന്ന് മോചനം, കൊല്‍ക്കത്തയുടെ വിജയം ഒരുക്കി റിങ്കു സിംഗ്, നിര്‍ണ്ണായക സംഭാവനകളുമായി അയ്യരും റാണയും

തുടര്‍ച്ചയായ അഞ്ച് തോൽവികള്‍ക്ക് ശേഷം വിജയത്തിലേക്ക് മടങ്ങിയെത്തി കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ്. അതേ സമയം രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിൽ തോല്‍വി വാങ്ങി. 153 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

പവര്‍പ്ലേയ്ക്കുള്ളിൽ ആരോൺ ഫിഞ്ചിനെയും ബാബ ഇന്ദ്രജിത്തിനെയും നഷ്ടമായ കൊല്‍ക്കത്തയെ ശ്രേയസ്സ് അയ്യര്‍ – നിതീഷ് റാണ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

Ranaiyer

പത്തോവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത 59 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയതെങ്കിലും അവിടുന്ന് ശ്രേയസ്സ് അയ്യരും നിതീഷ് റാണയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം 8 ഓവറിൽ 67 റൺസായി കുറഞ്ഞു. 60 റൺസ് നേടിയ കൂട്ടുകെട്ടിനെ രാജസ്ഥാന്‍ തകര്‍ത്തത് ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയാണ്.

34 റൺസ് നേടിയ താരത്തെ ബോള്‍ട്ട് സഞ്ജൂവിന്റെ കൈകളിലെത്തിച്ചപ്പോള്‍ തീരുമാനം അനുകൂലമാക്കുവാന്‍ ടീം റിവ്യൂ എടുക്കേണ്ടി വരികയായിരുന്നു. അയ്യര്‍ പുറത്തായ ശേഷം നിതീഷ് റാണയും റിങ്കു സിംഗും ചേര്‍ന്ന് ലക്ഷ്യം 18 പന്തിൽ 31 റൺസാക്കി മാറ്റി. 7 വിക്കറ്റ് കൈവശം ഉണ്ടായിരുന്നതിനാൽ തന്നെ കൊൽക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു.

യൂസുവേന്ദ്ര ചഹാല്‍ എറിഞ്ഞ 18ാം ഓവറിൽ റിങ്കു സിംഗ് രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം 12 പന്തിൽ 18 റൺസായി മാറി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 17 റൺസ് പിറന്നപ്പോള്‍ സ്കോറുകള്‍ ഒപ്പത്തിനൊപ്പമായി. അവസാന ഓവറിലെ ആദ്യ പന്തിൽ നിതീഷ് റാണ കുൽദീപ് സെന്നിനെ സിക്സര്‍ പറത്തിയപ്പോള്‍ അഞ്ച് തോൽവികള്‍ക്ക് ശേഷം കൊല്‍ക്കത്ത വിജയ വഴിയിലേക്ക് തിരികെ എത്തി. റാണ 37 പന്തിൽ 48 റൺസ് നേടിയപ്പോള്‍ റിങ്കു സിംഗ് 23 പന്തിൽ 42 റൺസാണ് നേടിയത്. 38 പന്തിൽ നിന്ന് 66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.