ആവശ്യമെങ്കില്‍ ഐപിഎല്‍ പ്ലേ ഓഫുകള്‍ക്കായി ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ തുടരും – ക്രിസ് സില്‍വര്‍വുഡ്

ഐപിഎലില്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ അവരുടെ ഫ്രാഞ്ചൈസികള്‍ പ്ലേ ഓഫുകളില്‍ കടന്നാല്‍ ടൂര്‍ണ്ണമെന്റില്‍ തുടരുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ്. ജൂണ്‍ 2ന് ലോര്‍ഡ്സില്‍ ന്യൂസിലാണ്ടിനെതിരെ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ആരംഭിക്കുവാന്‍ ഇരിക്കുന്നതിനാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎലില്‍ നിന്ന് നേരത്തെ മടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പ്ലേ ഓഫുകളില്‍ ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുമെന്നാണ് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കിയത്. ഇന്ന് ഐപിഎല്‍ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടതില്‍ മേയ് 30ന് ആണ് ഐപിഎല്‍ ഫൈനല്‍. 13 ഇംഗ്ലണ്ട് താരങ്ങളാണ് ഐപിഎലില്‍ കളിക്കാനെത്തുന്നത്. ഇതില്‍ ഏഴ് താരങ്ങള്‍ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമെതിരെ ടെസ്റ്റ് കളിച്ച് താരങ്ങളായതിനാല്‍ തന്നെ അവരെ ന്യൂസിലാണ്ട് ടെസ്റ്റില്‍ ഉള്‍പ്പെടുത്തുവാനുള്ള സാധ്യത കൂടുതലാണ്.

രാജ്യത്തിന് വേണ്ടി കളിക്കുന്നതാണ് ഏറ്റവും വലിയ കാര്യമെങ്കിലും ടെസ്റ്റ് മത്സരത്തിനായുള്ള സെലക്ഷന്‍ ഒന്നും ടീം ഇതുവരെ നടത്താത്തിനാല്‍ തന്നെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പം പ്ലേ ഓഫുകള്‍ക്കും തുടരാം എന്നാണ് ക്രിസ് സില്‍വര്‍വുഡ് വ്യക്തമാക്കിയത്.