മുംബൈയ്ക്ക് 184 റൺസ്, സ്കൈയ്ക്ക് ഫിഫ്റ്റി

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ 184 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിരയിൽ അര്‍ദ്ധ ശതകവുമായി സൂര്യകുമാര്‍ യാദവ് മാത്രമാണ് തിളങ്ങിയത്. റയാന്‍ റിക്കൽട്ടൺ, രോഹിത് ശര്‍മ്മ, വിൽ ജാക്സ്, ഹാര്‍ദ്ദിക് പാണ്ഡ്യ, നമന്‍ ധിര്‍ എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയത് മുംബൈയുടെ സ്കോര്‍ 184 റൺസിലൊതുക്കി.

റിക്കൽട്ടണും (27) രോഹിത്തും (24) ഒന്നാം വിക്കറ്റിൽ 45 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും വേഗത്തിലുള്ള സ്കോറിംഗ് സാധ്യമായില്ല. രോഹിത്തും സ്കൈയും ചേര്‍ന്ന് 36 റൺസ് കൂടി നേടിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി പഞ്ചാബ് സമ്മര്‍ദ്ദം സൃഷ്ടിച്ചു.

വിൽ ജാക്സ് 8 പന്തിൽ 17 റൺസ് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 15 പന്തിൽ 26 റൺസും നമന്‍ ധിര്‍ 12 പന്തിൽ 20 റൺസും നേടി പുറത്തായി. ഇന്നിംഗ്സിലെ അവസാന പന്തിൽ 39 പന്തിൽ 57 റൺസ് നേടിയ സൂര്യകുമാര്‍ യാദവും പുറത്തായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസാണ് മുംബൈ നേടിയത്.

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, മാര്‍ക്കോ ജാന്‍സന്‍, വിജയകുമാര്‍ വൈശാഖ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബ്രെവിസ് യൂ ബ്യൂട്ടി!!! അവസാന മത്സരത്തിൽ മികച്ച സ്കോറുമായി ചെന്നൈ

ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ മികച്ച സ്കോറുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 230 റൺസെന്ന് മികച്ച സ്കോറാണ് നേടാനായത്. ഡെവാള്‍ഡ് ബ്രെവിസും ഡെവൺ കോൺവേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ആയുഷ് മാത്രേയും ഉര്‍വിൽ പട്ടേലും മികച്ച രീതിയിൽ ബാറ്റ് വീശിയതും ചെന്നൈയ്ക്ക് തുണയായി.

ആയുഷ് മാത്രേ നൽകിയ മികച്ച തുടക്കം തുടര്‍ന്ന ചെന്നൈയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ താരങ്ങളെല്ലാവരും നിര്‍ണ്ണായക സംവാനകളാണ് നൽകിയത്. ഡെവൺ കോൺവേയെ കാഴ്ച്ചക്കാരനാക്കി മാത്രേ ടീമിന് മിന്നും തുടക്കം നൽകിയപ്പോള്‍ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 44 റൺസാണ് 3.4 ഓവറിൽ നേടിയത്.

17 പന്തിൽ 34 റൺസ് നേടിയ മാത്രേ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഉര്‍വിൽ പട്ടേൽ പകരം ക്രീസിലെത്തി മികച്ചൊരു കൂട്ടുകെട്ട് കോൺവേയുമായി പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 63 റൺസാണ് നേടിയത്.

19 പന്തിൽ 37 റൺസ് നേടിയ പട്ടേലിനെ സായി കിഷോര്‍ പുറത്താക്കിയപ്പോള്‍ ശിവം ദുബേ 8 പന്തിൽ 17 റൺസ് നേടി പുറത്തായി. കോൺവേ 35 പന്തിൽ 52 റൺസ് നേടി പുറത്താകുമ്പോള്‍ 156/4 എന്ന നിലയിലായിരുന്ന ചെന്നൈയെ ഡെവാള്‍ഡ് ബ്രെവിസും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് 200 കടത്തിയത്.

39 പന്തിൽ നിന്ന് 74 റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാന പന്തിലാണ് തകര്‍ന്നത്. 23 പന്തിൽ 57 റൺസ് നേടിയ ബ്രെവിസിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജ 21 റൺസുമായി പുറത്താകാതെ നിന്നു.

 

പവര്‍പ്ലേയ്ക്ക് ശേഷം ആര്‍സിബിയുടെ കാലിടറി, സൺറൈസേഴ്സിന് 42 റൺസ് വിജയം

മികച്ച പവര്‍പ്ലേയ്ക്ക് ശേഷം ആര്‍സിബിയുടെ കാലിടറിയപ്പോള്‍ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെതുകയെന്ന ടീമിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് ആര്‍സിബിയെ സൺറൈസേഴ്സ് 42 റൺസിനാണ് പരാജയപ്പെടുത്തിയത്. 231/6 എന്ന വലിയ സ്കോര്‍ ആര്‍സിബിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് 189 റൺസേ നേടാനായുള്ളു. 19.5 ഓവറിൽ ടീം ഓള്‍ഔട്ട് ആകുകയായിരുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 72 റൺസാണ് ആര്‍സിബി നേടിയത്. ഫിൽ സാള്‍ട്ട് കരുതലോടെ ബാറ്റ് വീശിയപ്പോള്‍ വിരാട് കോഹ്‍ലി മികച്ച രീതിയിൽ റൺസ് കണ്ടെത്തി ആര്‍സിബിയെ മുന്നോട്ട് നയിച്ചു.

എന്നാൽ പവര്‍പ്ലേ കഴിഞ്ഞുള്ള ആദ്യ ഓവറിൽ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നഷ്ടമായത് ആര്‍സിബിയ്ക്ക് തിരിച്ചടിയായി. 25 പന്തിൽ 43 റൺസ് നേടിയ കോഹ്‍ലിയെ ഹര്‍ഷ് ദുബേ പുറത്താക്കുമ്പോള്‍ ഈ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 80 റൺസാണ് 7 ഓവറിൽ നേടിയത്.

ഫിൽ സാള്‍ട്ട് വേഗത്തിൽ സ്കോറിംഗ് തുടങ്ങിയതോടെ 9ാം ഓവറിൽ ആര്‍സിബിയുടെ സ്കോര്‍ 100 കടന്നു. 27 പന്തിൽ സാള്‍ട്ട് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 118 റൺസാണ് 10 ഓവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി സ്കോര്‍ ചെയ്തത്.

40 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഫിൽ സാള്‍ട്ടും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നേടിയത്. 11 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ നിതീഷ് റെഡ്ഢിയാണ് പുറത്താക്കിയത്. ഫിൽ സാള്‍ട്ടിനെ തൊട്ടടുത്ത ഓവറിൽ നഷ്ടമായതോടെ ആര്‍സിബി 129/3 എന്ന നിലയിലായി. 32 പന്തിൽ 62 റൺസാണ് ഫിൽ സാള്‍ട്ട് നേടിയത്.

ജിതേഷ് ശര്‍മ്മയും രജത് പടിദാറും നാലാം വിക്കറ്റിൽ ഒത്തുകൂടി ആര്‍സിബിയെ മുന്നോട്ട് നയിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ ടീമിന്റെ ലക്ഷ്യം 65 റൺസായി മാറി. 44 റൺസിന്റെ ഈ കൂട്ടുകെട്ട് രജത് പടിദാര്‍ റണ്ണൗട്ട് ആയതോടെയാണ് അവസാനിച്ചത്.

പടിദാര്‍ 18 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ താന്‍ നേരിട്ട ആദ്യ പന്തിൽ റൊമാരിയോ ഷെപ്പേര്‍ഡ് പുറത്തായി. തൊട്ടടുത്ത ഓവറിൽ 24 റൺസ് നേടിയ ജിതേഷ് ശര്‍മ്മയും പുറത്തായതോടെ ആര്‍സിബിയുടെ പതനം പൂര്‍ത്തിയായി.

സൺറൈസേഴ്സിനായി പാറ്റ് കമ്മിന്‍സ് നാലും ഇഷാന്‍ മലിംഗ 2 വിക്കറ്റും നേടി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച വിജയവുമായി ലക്നൗ

ഐപിഎലില്‍ ലക്നൗവിന് മികച്ച വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 33 റൺസിന്റെ വിജയം ആണ് ലക്നൗ നേടിയത്. 236 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസേ നേടാനായുള്ളു.

പവര്‍പ്ലേയ്ക്കുള്ളിൽ 46 റൺസിൽ നിൽക്കുമ്പോള്‍ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. 16 പന്തിൽ 21 റൺസ് നേടിയ സായി സുദര്‍ശനെ പുറത്താക്കി വില്യം ഒറൗര്‍ക്കേ ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ അവേശ് ഖാനെ രണ്ട് ഫോറിനും രണ്ട് സിക്സിനും പായിച്ച് ജോസ് ബട്‍ലര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ ഗുജറാത്തിന് 6 ഓവറിൽ നിന്ന് 67 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

ബട്‍ലറും ഗില്ലും രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും അവേശ് ഖാന്‍ കൂട്ടുകെട്ട് തകര്‍ത്തു. 20 പന്തിൽ 35 റൺസ് നേടിയ ഗില്ലിനെയാണ് ഗുജറാത്തിന് രണ്ടാം വിക്കറ്റായി നഷ്ടമായത്.

പത്താം ഓവറിൽ ജോസ് ബട്‍ലറെ ഗുജറാത്തിന് നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി. 18 പന്തിൽ നിന്ന് 33 റൺസാണ് ബട്‍ലര്‍ നേടിയത്. ജോസ് ബട്‍ലര്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന്റെ ടീം സ്കോര്‍ 96 റൺസായിരുന്നു.

ഷാരൂഖ് ഖാനും ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ അവസാന 5 ഓവറിൽ 71 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. ബൗളിംഗിലേക്ക് വീണ്ടുമെത്തിയ വില്യം ഒറൗര്‍ക്കേ ഈ കൂട്ടുകെട്ട് തകര്‍ത്തു. 86 റൺസ് കൂട്ടുകെട്ടിന് ശേഷം 22 പന്തിൽ 38 റൺസ് നേടിയ റൂഥര്‍ഫോര്‍ഡിനെ ആണ് ഗുജറാത്തിന് നഷ്ടമായത്.

എന്നാൽ 22 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് ഷാരൂഖ് ഖാന്‍ ഗുജറാത്തിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തി. ഇതേ ഓവറിൽ രാഹുല്‍ തെവാത്തിയയുടെ വിക്കറ്റും വില്യം നേടി. അവസാന മൂന്നോവറിൽ 50 റൺസായിരുന്നു ഗുജറാത്തിന് നേടാനുണ്ടായിരുന്നത്.

എന്നാൽ 18ാം ഓവറിൽ ഗുജറാത്തിന് നേടാനായത് വെറും 7 റൺസ് മാത്രമാകുകയും അര്‍ഷദ് ഖാന്റെ വിക്കറ്റും നഷ്ടമായപ്പോള്‍ അവസാന രണ്ടോവറിൽ 43 റൺസായിരുന്നു ലക്ഷ്യം. 29 പന്തിൽ 57 റൺസ് നേടിയ ഷാരൂഖ് ഖാനെ 19ാം ഓവറിൽ നഷ്ടമായപ്പോള്‍ ഗുജറാത്തിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

 

മൈറ്റി മാര്‍ഷ്!!! കൊടുങ്കാറ്റായി പൂരന്‍!!! ഗുജറാത്തിന് മുന്നിൽ 236 റൺസ് വിജയ ലക്ഷ്യം നൽകി ലക്നൗ

ആദ്യ രണ്ട് സ്ഥാനങ്ങളെന്ന ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നിൽ 236 റൺസിന്റെ വെല്ലുവിളി ഒരുക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫില്‍ നിന്ന് നേരത്തെ തന്നെ ലക്നൗ പുറത്തായെങ്കിലും ഇന്ന് തങ്ങളുടെ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ടീം 2 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ശതകം നേടിയ മിച്ചൽ മാര്‍ഷിനൊപ്പം നിക്കോളസ് പൂരനും എയ്ഡന്‍ മാര്‍ക്രവും തിളങ്ങിയപ്പോള്‍ കൂറ്റന്‍ സ്കോറാണ് ലക്നൗ നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റൺസായിരുന്നു ലക്നൗ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം മാര്‍ഷ് അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങുകയായിരുന്നു.  10ാം ഓവറിൽ മാര്‍ക്രത്തിനെ നഷ്ടമാകുമ്പോള്‍ 91 റൺസാണ് ലക്നൗ നേടിയത്. 24 പന്തിൽ 36 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ സായി കിഷോര്‍ ആണ് പുറത്താക്കിയത്.

മാര്‍ക്രം പുറത്തായ ശേഷം ക്രീസിലെത്തിയ നിക്കോളസ് പൂരന്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ മാര്‍ഷ് 56 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി.

പൂരന്‍ 23 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതം നേടിയപ്പോള്‍ 18ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് മാര്‍ഷ് ടീം സ്കോര്‍ 200 കടത്തി. 19ാം ഓവറിൽ അര്‍ഷദ് ഖാന് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മിച്ചൽ മാര്‍ഷ് 64 പന്തിൽ നിന്ന് 117 റൺസാണ് നേടിയത്. 10 ഫോറും 8 സിക്സും അടങ്ങിയതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 27 പന്തിൽ 56 റൺസും ഋഷഭ് പന്ത് 6 പന്തിൽ 16 റൺസും നേടി ക്രീസിലുണ്ടായിരുന്നു. 10 പന്തിൽ 23 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത് .

ജയത്തോടെ സീസൺ അവസാനിപ്പ് രാജസ്ഥാന്‍, ചെന്നൈയ്ക്കെതിരെ 17.1 ഓവറിൽ വിജയം

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയ്ക്കെതിരെ മികവുറ്റ ജയം നേടി രാജസ്ഥാന്‍ റോയൽസ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 187/8 എന്ന സ്കോര്‍ നേടിയപ്പോള്‍ രാജസ്ഥാന്‍ 17.1 ഓവറിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടിയത്.

പതിവ് പോലെ മികച്ച തുടക്കമാണ് രാജസ്ഥാന് ഓപ്പണര്‍മാര്‍ നൽകിയത്. 19 പന്തിൽ 36 റൺസ് നേടിയ യശസ്വി ജൈസ്വാളിനെ ടീമിന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 37 റൺസായിരുന്നു. 4ാം ഓവറിലെ നാലാം പന്തിൽ ജൈസ്വാളിനെ അന്‍ഷുൽ കാംബോജ് പുറത്താക്കിയ ശേഷം 59 പന്തിൽ നിന്ന് 98 റൺസാണ് രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണും വൈഭവ് സൂര്യവന്‍ഷിയും ചേര്‍ന്ന് നേടിയത്.

31 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 135 റൺസായിരുന്നു. അതേ ഓവറിൽ വൈഭവ് സൂര്യവന്‍ഷിയെയും അശ്വിന്‍ പുറത്താക്കി രാജസ്ഥാനെ പ്രതിരോധത്തിലാക്കി. 57 റൺസാണ് സൂര്യവന്‍ഷി നേടിയത്.

ഈ സീസണിൽ നാലോളം മത്സരങ്ങള്‍ വിജയിക്കാവുന്ന നിലയിൽ നിന്ന് കൈവിട്ട രാജസ്ഥാന്‍ ക്യാമ്പിൽ ഈ വിക്കറ്റുകള്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ധ്രുവ് ജുറേൽ ജഡേജയെ തുടരെ സിക്സിനും ഫോറിനും പറത്തി സമ്മര്‍ദ്ദത്തിന് അയവ് സൃഷ്ടിച്ചു.

എന്നാൽ അടുത്ത ഓവറിൽ നൂര്‍ അഹമ്മദ് റിയാന്‍ പരാഗിനെ പുറത്താക്കി. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 24 റൺസായിരുന്നു രാജസ്ഥാന്‍ നേടേണ്ടിയിരുന്നത്. 17ാം ഓവറിൽ രാജസ്ഥാനെ ജുറേലും ഹെറ്റ്മ്യറും ചേര്‍ന്ന് 6 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

30 റൺസാണ് ഈ കൂട്ടുകെട്ട് 9 പന്തിൽ നിന്ന് നേടിയത്. ജുറേൽ 12 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയപ്പോള്‍ ഷിമ്രൺ ഹെറ്റ്മ്യര്‍ 5 പന്തിൽ നിന്ന് 12 റൺസ് നേടി പുറത്താകാതെ നിന്നു.

തകര്‍ച്ചയിൽ നിന്ന് ചെന്നൈയെ കരകയറ്റി ബ്രെവിസ്, മികച്ച ബാറ്റിംഗുമായി ആയുഷ് മാത്രേയും

ഐപിഎലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ രാജസ്ഥാനെതിരെ 187 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആയുഷ് മാത്രേയും ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബേയും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. രണ്ടാം ഓവറിൽ ഡെവൺ കോൺവേയെയും ഉര്‍വിൽ പട്ടേലിനെയും യുദ്ധ്‍വിര്‍ സിംഗ് ചരക് പുറത്താക്കിയപ്പോള്‍ ആയുഷ് മാത്രേ മികച്ച രീതിയിൽ ബാറ്റ് വീശി. പവര്‍പ്ലേയിലെ അവസാന ഓവറിൽ മാത്രം പുറത്താകുമ്പോള്‍ താരം 20 പന്തിൽ 43 റൺസ് നേടിയിരുന്നു. ചെന്നെയുടെ സ്കോര്‍ 68 റൺസും.

മാത്രേയുടെ വിക്കറ്റ് തുഷാര്‍ ദേശ്പാണ്ടേ ആണ് നേടിയത്. പവര്‍പ്ലേ കഴിഞ്ഞയുടനെ അശ്വിനെ പുറത്താക്കി ഹസരംഗ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ രവീന്ദ്ര ജഡേജയെ പുറത്താക്കി യുദ്ധ്‍വിര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

78/5 എന്ന നിലയിലേക്ക് വീണ ചെന്നൈയെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത് ഡെവാള്‍ഡ് ബ്രെവിസിന്റെ മിന്നും ബാറ്റിംഗ് പ്രകടനം ആണ്.  ആറാം വിക്കറ്റിൽ 59 റൺസാണ് ബ്രെവിസും ദുബേയും ചേര്‍ന്ന് നേടിയത്. ഇതിൽ 25 പന്തിൽ നിന്ന് 42 റൺസായിരുന്നു ബ്രെവിസിന്റെ സംഭാവന. ബ്രെവിസ് പുറത്തായ ശേഷം ശിവം ദുബേ സ്കോറിംഗ് വേഗത കൂട്ടി. താരം 39 റൺസാണ് നേടിയത്. ബ്രെവിസിനെയും ദുബേയെയും ആകാശ് മാധ്വൽ ആണ് പുറത്താക്കിയത്.

അവസാന ഓവറിൽ ധോണിയെയും പുറത്താക്കി ആകാശ് മാധ്വൽ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

ലക്നൗവിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നൽകി സൺറൈസേഴ്സ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെ ഐപിഎലിൽ നിന്ന് പുറത്താക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 206 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സ് നിരയിൽ അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെയിൻറിച്ച് ക്ലാസ്സന്‍, കമിന്‍ഡു മെന്‍ഡിസ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ടീമിന്റെ 6 വിക്കറ്റ് വിജയം സാധ്യമാക്കി. 10 പന്ത് അവശേഷിക്കെയാണ് സൺറൈസേഴ്സിന്റെ വിജയം.

അഥര്‍വ തൈഡേയെ വേഗത്തിൽ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനും 82 റൺസ് രണ്ടാം വിക്കറ്റിൽ നേടി സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചു. 20 പന്തിൽ 59 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ ദിഗ്വേഷ് രഥിയാണ് പുറത്താക്കിയത്.

35 റൺസ് നേടിയ ഇഷാന്‍ കിഷനെയും രഥി തന്നെ പുറത്താക്കി. പുറത്താകുന്നതിന് മുമ്പ് ഇഷാന്‍ കിഷന്‍ ക്ലാസ്സനുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 41 റൺസ് നേടിയിരുന്നു.

പിന്നീട് ക്ലാസ്സനും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്ന് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചു. 55 റൺസുമായി ഈ കൂട്ടുകെട്ട് ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചുവെങ്കിലും 28 പന്തിൽ 47 റൺസ് നേടിയ ക്ലാസ്സനെ ടീമിന് നഷ്ടമായി. എന്നാൽ ആ ഘട്ടത്തിൽ ലക്ഷ്യം വെറും 11 റൺസ് അകലെ ആയിരുന്നു.

32 റൺസ് നേടിയ കമിന്‍ഡു മെന്‍ഡിസ് റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയെങ്കിലും അനികേത് വര്‍മ്മയും നിതീഷ് കുമാര്‍ റെഡ്ഡിയും 18.2 ഓവറിൽ സൺറൈസേഴ്സ് വിജയം ഉറപ്പാക്കി.

മികച്ച തുടക്കം നൽകി മാര്‍ഷും മാര്‍ക്രവും, അവസാന ഓവറുകളിൽ പൂരന്റെ ബാറ്റിംഗ് മികവ്

ഐപിഎലില്‍ നിര്‍ണ്ണായകമായ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 205 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുവാന്‍ ടീമിന് വിജയം അനിവാര്യമായിരിക്കേ മാര്‍ക്രത്തിന്റെയും മാര്‍ഷിന്റെയും അര്‍ദ്ധ ശതകങ്ങളുടെ മികവിലാണ് ലക്നൗ 7 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോര്‍ നേടിയത്.

115 റൺസാണ് ഒന്നാം വിക്കറ്റിൽ മാര്‍ഷും മാര്‍ക്രവും നേടിയത്. 10.3 ഓവറിൽ മാര്‍ഷ് പുറത്താകുമ്പോള്‍ 39 പന്തിൽ നിന്ന് 65 റൺസാണ് താരം നേടിയത്. റിഷഭ് പന്ത് തന്റെ മോശം ഫോം തുടര്‍ന്നപ്പോള്‍ 7 റൺസ് മാത്രം നേടി പുറത്തായി. മാര്‍ഷിനെ അരങ്ങേറ്റക്കാരന്‍ ഹര്‍ഷ് ദുബേ ആണ് പുറത്താക്കിയത്.

മാര്‍ക്രവും പൂരനും 35 റൺസ് നേടിയെങ്കിലും മാര്‍ക്രത്തെ പുറത്താക്കി ഹര്‍ഷൽ പട്ടേൽ കൂട്ടുകെട്ട് തകര്‍ത്തു. 38 പന്തിൽ 61 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്. മാര്‍ക്രവും പുറത്തായ ശേഷം നിക്കോളസ് പൂരന്‍ ആണ് ലക്നൗവിനെ മുന്നോട്ട് നയിച്ചത്. താരം 26 പന്തിൽ 45 റൺസ് നേടി അവസാന ഓവറിൽ പുറത്തായി.

അവസാന ഓവറിൽ രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും അവസാന പന്തിൽ സിക്സ് നേടി ആകാശ് ദീപ് ടീം സ്കോര്‍ 200 കടത്തി.

 

ഒപ്പത്തിനൊപ്പം ബാറ്റ് വീശി സുദര്‍ശനും ഗില്ലും, ഗുജറാത്തിന് 10 വിക്കറ്റ് വിജയം

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ 10 വിക്കറ്റ് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. 200 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 6 പന്ത് ബാക്കി നിൽക്കെയാണ് വിക്കറ്റ് നഷ്ടമില്ലാതെ ഈ ലക്ഷ്യം നേടിയത്.  സിക്സര്‍ പറത്തി വിജയം സായി ഉറപ്പാക്കിയപ്പോള്‍ 19 ഓവറിൽ 205 റൺസാണ് ഗുജറാത്ത് നേടിയത്.

സായി സുദര്‍ശന്‍ തുടക്കം മുതൽ വേഗത്തിലുള്ള സ്കോറിംഗുമായി മുന്നോട്ട് പോയപ്പോള്‍ മറുവശത്ത് ഗിൽ കരുതലോടെ ബാറ്റ് വീശി. 6 ഓവറിൽ 59 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് നേടിയത്.

ഗില്ലും സ്കോറിംഗ് വേഗത വര്‍ദ്ധിപ്പിച്ചപ്പോള്‍ അതി ശക്തമായ നിലയിലേക്ക് ഗുജറാത്ത് നീങ്ങി. സുദര്‍ശന്‍ 108 റൺസും ഗിൽ 93 റൺസും നേടിയാണ് ഗുജറാത്തിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

 

ഓപ്പണിംഗ് ഇറങ്ങി സെഞ്ച്വറി നേടി രാഹുൽ, ഡൽഹിയ്ക്ക് 199 റൺസ്

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 199 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. കെഎൽ രാഹുലിന്റെ മികവുറ്റ ബാറ്റിംഗ് പ്രകടനം ആണ് ഡൽഹിയെ 199/3 എന്ന സ്കോറിലേക്ക് എത്തിച്ചത്. രാഹുല്‍ പുറത്താകാതെ 112 റൺസുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്കായി കെഎൽ രാഹുലും ഫാഫ് ഡു പ്ലെസിയുമാണ് ഓപ്പണിംഗിനെത്തിയതെങ്കിലും ഫാഫിനെ ടീമിന് വേഗത്തിൽ നഷ്ടമായി. രാഹുലും അഭിഷേക് പോറലും ചേര്‍ന്ന് കരുതലോടെ ടീമിനെ പവര്‍പ്ലേയിൽ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 45 റൺസാണ് ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

90 റൺസ് രണ്ടാം വിക്കറ്റിൽ രാഹുലും അഭിഷേക് പോറെലും ചേര്‍ന്ന് നേടിയപ്പോള്‍ സായി കിഷോര്‍ 19 പന്തിൽ 30 റൺസ് നേടിയ അഭിഷേക് പോറെലിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

അക്സര്‍ പട്ടേലും(25) രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് നേടിയപ്പോള്‍ നാലാം വിക്കറ്റിൽ 54 റൺസാണ് രാഹുലും സ്റ്റബ്സും ചേര്‍ന്ന് നേടിയത്. രാഹുല്‍ 65 പന്തിൽ 4 സിക്സും 14 ബൗണ്ടറിയും അടക്കം 112 റൺസ് നേടിയപ്പോള്‍ സ്റ്റബ്സ് 10 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.

സ്വപ്നതുല്യ തുടക്കം, ഒടുവൽ പത്ത് റൺസ് തോൽവി വഴങ്ങി രാജസ്ഥാന്‍

പഞ്ചാബ് കിംഗ്സിനെതിരെ സ്വപ്ന തുല്യ തുടക്കം ഓപ്പണര്‍മാര്‍ നൽകിയെങ്കിലും ഇരുവരും പുറത്തായ ശേഷം പതിവ് പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയൽസ്. ഇന്ന് 220 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമേ നേടാനായുള്ളു. ജൈസ്വാളും ധ്രുവ് ജുറേലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയും മികവ് പുലര്‍ത്തി. എന്നാൽ സഞ്ജു ഉള്‍പ്പെടെയെുള്ള മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ പിറക്കാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി.

2.5 ഓവറിൽ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ രാജസ്ഥാന് 4.5 ഓവറില്‍ ആണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 76 റൺസ് ടീം നേടിയപ്പോള്‍ 15 പന്തിൽ 40 റൺസ് നേടിയ വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റ് ആണ് ടീമിന് ആദ്യം നഷ്ടമായത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 89 റൺസാണ് രാജസ്ഥാന്‍ നേടിയത്. വൈഭവിനെ പുറത്താക്കിയ ഹര്‍പ്രീത് ബ്രാര്‍ തന്നെയാണ് യശസ്വി ജൈസ്വാളിനെയും പുറത്താക്കിയത്. 24 പന്തിൽ 54 റൺസ് നേടിയ ജൈസ്വാള്‍ രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി ചേര്‍ന്ന് 36 റൺസ് കൂട്ടിചേര്‍ത്തു.

അധികം വൈകാതെ സഞ്ജുവിനെയും(20) നഷ്ടമായ രാജസ്ഥാന്‍ 114/3 എന്ന നിലയിലേക്ക് വീണു. ഒമര്‍സായിയ്ക്ക് ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ്. ധ്രുവ് ജുറേൽ – റിയാന്‍ പരാഗ് കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ഹര്‍പ്രീത് ബ്രാര്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് പരാഗിനെ പുറത്താക്കി നേടി. 13 റൺസാണ് പരാഗ് നേടിയത്. ജുറേൽ ഒരു വശത്ത് പൊരുതി നിന്നപ്പോള്‍ അവസാന നാലോവറിൽ രാജസ്ഥാന്റെ ലക്ഷ്യം 55 റൺസായിരുന്നു.

ധ്രുവ് ജുറേൽ 31 പന്തിൽ 53 റൺസുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളിൽ വലിയ ഷോട്ടുകള്‍ നേടാനാകാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി ക്വേന എംഫാക്ക രാജസ്ഥാന്റെ തോൽവി ഭാരം 10 റൺസായി കുറയ്ക്കുകയായിരുന്നു.

ഹര്‍പ്രീതിന് പുറമെ അസ്മത്തുള്ള ഒമര്‍സായിയും മാര്‍ക്കോ ജാന്‍സനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version