Dhruvjurel

സ്വപ്നതുല്യ തുടക്കം, ഒടുവൽ പത്ത് റൺസ് തോൽവി വഴങ്ങി രാജസ്ഥാന്‍

പഞ്ചാബ് കിംഗ്സിനെതിരെ സ്വപ്ന തുല്യ തുടക്കം ഓപ്പണര്‍മാര്‍ നൽകിയെങ്കിലും ഇരുവരും പുറത്തായ ശേഷം പതിവ് പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയൽസ്. ഇന്ന് 220 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് മാത്രമേ നേടാനായുള്ളു. ജൈസ്വാളും ധ്രുവ് ജുറേലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയും മികവ് പുലര്‍ത്തി. എന്നാൽ സഞ്ജു ഉള്‍പ്പെടെയെുള്ള മറ്റു താരങ്ങളിൽ നിന്ന് വലിയ സ്കോര്‍ പിറക്കാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി.

2.5 ഓവറിൽ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ രാജസ്ഥാന് 4.5 ഓവറില്‍ ആണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 76 റൺസ് ടീം നേടിയപ്പോള്‍ 15 പന്തിൽ 40 റൺസ് നേടിയ വൈഭവ് സൂര്യവന്‍ഷിയുടെ വിക്കറ്റ് ആണ് ടീമിന് ആദ്യം നഷ്ടമായത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 89 റൺസാണ് രാജസ്ഥാന്‍ നേടിയത്. വൈഭവിനെ പുറത്താക്കിയ ഹര്‍പ്രീത് ബ്രാര്‍ തന്നെയാണ് യശസ്വി ജൈസ്വാളിനെയും പുറത്താക്കിയത്. 24 പന്തിൽ 54 റൺസ് നേടിയ ജൈസ്വാള്‍ രണ്ടാം വിക്കറ്റിൽ സഞ്ജുവുമായി ചേര്‍ന്ന് 36 റൺസ് കൂട്ടിചേര്‍ത്തു.

അധികം വൈകാതെ സഞ്ജുവിനെയും(20) നഷ്ടമായ രാജസ്ഥാന്‍ 114/3 എന്ന നിലയിലേക്ക് വീണു. ഒമര്‍സായിയ്ക്ക് ആയിരുന്നു സഞ്ജുവിന്റെ വിക്കറ്റ്. ധ്രുവ് ജുറേൽ – റിയാന്‍ പരാഗ് കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ഹര്‍പ്രീത് ബ്രാര്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് പരാഗിനെ പുറത്താക്കി നേടി. 13 റൺസാണ് പരാഗ് നേടിയത്. ജുറേൽ ഒരു വശത്ത് പൊരുതി നിന്നപ്പോള്‍ അവസാന നാലോവറിൽ രാജസ്ഥാന്റെ ലക്ഷ്യം 55 റൺസായിരുന്നു.

ധ്രുവ് ജുറേൽ 31 പന്തിൽ 53 റൺസുമായി പൊരുതി നോക്കിയെങ്കിലും അവസാന ഓവറുകളിൽ വലിയ ഷോട്ടുകള്‍ നേടാനാകാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. അവസാന രണ്ട് പന്തിൽ രണ്ട് ബൗണ്ടറി നേടി ക്വേന എംഫാക്ക രാജസ്ഥാന്റെ തോൽവി ഭാരം 10 റൺസായി കുറയ്ക്കുകയായിരുന്നു.

ഹര്‍പ്രീതിന് പുറമെ അസ്മത്തുള്ള ഒമര്‍സായിയും മാര്‍ക്കോ ജാന്‍സനും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version