Klassenmendis

ലക്നൗവിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി നൽകി സൺറൈസേഴ്സ്

ലക്നൗ സൂപ്പര്‍ ജയന്റ്സിനെ ഐപിഎലിൽ നിന്ന് പുറത്താക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 206 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൺറൈസേഴ്സ് നിരയിൽ അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, ഹെയിൻറിച്ച് ക്ലാസ്സന്‍, കമിന്‍ഡു മെന്‍ഡിസ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് ടീമിന്റെ 6 വിക്കറ്റ് വിജയം സാധ്യമാക്കി. 10 പന്ത് അവശേഷിക്കെയാണ് സൺറൈസേഴ്സിന്റെ വിജയം.

അഥര്‍വ തൈഡേയെ വേഗത്തിൽ നഷ്ടമായെങ്കിലും അഭിഷേക് ശര്‍മ്മയും ഇഷാന്‍ കിഷനും 82 റൺസ് രണ്ടാം വിക്കറ്റിൽ നേടി സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചു. 20 പന്തിൽ 59 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ ദിഗ്വേഷ് രഥിയാണ് പുറത്താക്കിയത്.

35 റൺസ് നേടിയ ഇഷാന്‍ കിഷനെയും രഥി തന്നെ പുറത്താക്കി. പുറത്താകുന്നതിന് മുമ്പ് ഇഷാന്‍ കിഷന്‍ ക്ലാസ്സനുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 41 റൺസ് നേടിയിരുന്നു.

പിന്നീട് ക്ലാസ്സനും കമിന്‍ഡു മെന്‍ഡിസും ചേര്‍ന്ന് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചു. 55 റൺസുമായി ഈ കൂട്ടുകെട്ട് ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചുവെങ്കിലും 28 പന്തിൽ 47 റൺസ് നേടിയ ക്ലാസ്സനെ ടീമിന് നഷ്ടമായി. എന്നാൽ ആ ഘട്ടത്തിൽ ലക്ഷ്യം വെറും 11 റൺസ് അകലെ ആയിരുന്നു.

32 റൺസ് നേടിയ കമിന്‍ഡു മെന്‍ഡിസ് റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയെങ്കിലും അനികേത് വര്‍മ്മയും നിതീഷ് കുമാര്‍ റെഡ്ഡിയും 18.2 ഓവറിൽ സൺറൈസേഴ്സ് വിജയം ഉറപ്പാക്കി.

Exit mobile version