ഈ സീസണിലെ അതിവേഗ ഫിഫ്റ്റിയുമായി രാജസ്ഥാന്‍ ഓപ്പണര്‍മാര്‍. 2.5 ഓവറിൽ ടീം ഫിഫ്റ്റി

പഞ്ചാബ് കിംഗ്സിനെതിരെ അതിവേഗ ഫിഫ്റ്റിയുമായി രാജസ്ഥാന്‍ ഓപ്പണര്‍മാര്‍. ഇന്ന് 219 റൺസ് ചേസ് ചെയ്തിറങ്ങിയ രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവന്‍ഷിയും യശസ്വി ജൈസ്വാളും മിന്നും ബാറ്റിംഗ് പ്രകടനം ആണ് പുറത്തെടുത്തത്.

2.5 ഓവറിൽ ടീം ഫിഫ്റ്റി നേടുമ്പോള്‍ ജൈസ്വാള്‍ 12 പന്തിൽ 34 റൺസും വൈഭവ് സൂര്യവന്‍ഷി 6 പന്തിൽ 16 റൺസുമാണ് നേടിയത്. ടീം ഫിഫ്റ്റി പൂര്‍ത്തിയാക്കുമ്പോളും ഒരു സിംഗിള്‍ പോലും രാജസ്ഥാന്‍ നേടിയിരുന്നില്ല. അഞ്ചാം ഓവറിൽ ആണ് ആദ്യ സിംഗിള്‍ പിറന്നത്.

ഈ സീസണിൽ പഞ്ചാബ് കിംഗ്സും ആര്‍സിബിയും 3 ഓവറിൽ ടീം ഫിഫ്റ്റി തികച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ രാജസ്ഥാന്റെ രണ്ടാമത്തെ വേഗതയേറിയ ടീം അര്‍ദ്ധ ശതകം ആണ് ഇത്. 2023ൽ കൊൽക്കത്തയ്ക്കെതിരെ ടീം 2.4 ഓവറിൽ ഫിഫ്റ്റി നേടിയിരുന്നു.

പഞ്ചാബിനെ 200 കടക്കുവാന്‍ സഹായിച്ച് വദേരയും ശശാങ്ക് സിംഗും

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് 219 റൺസ്. നെഹാൽ വദേരയും ശശാങ്ക് സിംഗും നേടി അര്‍ദ്ധ ശതകങ്ങള്‍  5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 219 റൺസിലേക്ക് എത്തിച്ചു.

രാജസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പഞ്ചാബിന് രണ്ടാം ഓവറിൽ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായി. തൊട്ടടുത്ത ഓവറിൽ മിച്ചൽ ഓവനെ നഷ്ടമായ പഞ്ചാബിന് അടുത്ത ഓവറിൽ പ്രഭ്സിമ്രാന്‍ സിംഗിനെയും നഷ്ടമാകുമ്പോള്‍ 34/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പ്രഭ്സിമ്രാന്‍ 10 പന്തിൽ 21 റൺസ് നേടിയപ്പോള്‍ താരത്തെയും പ്രിയാന്‍ഷ് ആര്യയയെയും തുഷാര്‍ ദേശ്പാണ്ടേ ആണ് പുറത്താക്കിയത്.

അവിടെ നിന്ന് പഞ്ചാബിന്റെ തിരിച്ചുവരവാണ് മത്സരത്തിൽ കണ്ടത്. നെഹാൽ വദേരയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് 67 റൺസ് നാലാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ പഞ്ചാബിന്റെ സ്കോര്‍ നൂറ് കടന്നു. 25 പന്തിൽ 30 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ റിയാന്‍ പരാഗ് പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ വദേരയും ശശാങ്ക് സിംഗും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 58 റൺസ് കൂട്ടിചേര്‍ക്കുവാന്‍ പഞ്ചാബിന് സാധിച്ചു. വദേര 37 പന്തിൽ 70 റൺസ് നേടി പുറത്താകുകയായിരുന്നു. ആകാശ് മധ്വാൽ ആണ് വിക്കറ്റ് നേടിയത്.

വദേര പുറത്തായ ശേഷം ശശാങ്കിന് കൂട്ടായി എത്തിയ അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തിയപ്പോള്‍ 219 റൺസാണ് പ‍ഞ്ചാബ് നേടിയത്. ഈ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 24 പന്തിൽ നിന്ന് 60 റൺസാണ് നേടിയത്.

ശശാങ്ക് 30 പന്തിൽ 59 റൺസും ഒമര്‍സായി 9 പന്തിൽ 21 റൺസും നേടി പുറത്താകാതെ നിന്നു.

തകര്‍ന്നടിഞ്ഞ ഡൽഹിയെ 133 റൺസിലെത്തിച്ച് അശുതോഷ് – സ്റ്റബ്സ് കൂട്ടുകെട്ട്

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ തകര്‍ന്നടിഞ്ഞ് 29/5 എന്ന നിലയിലേക്ക് വീണ ഡൽഹിയെ133 റൺസിലെത്തിച്ച് അശുതോഷ് ശര്‍മ്മ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട്. ഒരു ഘട്ടത്തിൽ 75ന് മേലെ സ്കോറിലേക്ക് പോലും ടീം എത്തില്ലെന്നാണ് ഏവരും കരുതിയതെങ്കിലും ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 66 റൺസ് നേടിയത് ഡൽഹിയ്ക്ക് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായകരമായി.

ആദ്യ പന്തിൽ കരുൺ നായരെ നഷ്ടമായ ഡൽഹിയ്ക്ക് തുടരെയുള്ള ഓവറുകളിൽ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം 29/5 എന്ന നിലയിലേക്ക് വീണു. ഡൽഹിയുടെ ആദ്യ മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്.

ആറാം വിക്കറ്റിൽ 33 റൺസ് നേടി വിപ്‍രാജ് നിഗം – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് ആണ് ഡൽഹിയെ മുന്നോട്ട് നയിച്ചത്. 18 റൺസ് നേടിയ വിപ്‍രാജ് റണ്ണൗട്ടായപ്പോള്‍ ഈ കൂട്ടുകെട്ട് തകരുകയായിരുന്നു.

15ാം ഓവറിൽ സീഷന്‍ അന്‍സാരിയെ രണ്ട് സിക്സുകള്‍ക്ക് പറത്തി അശുതോഷ് ശര്‍മ്മ ഡൽഹിയുടെ റൺ റേറ്റ് ഉയര്‍ത്തി. സ്റ്റബ്സും അശുതോഷും ചേര്‍ന്ന് ഡൽഹിയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് 66 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയത്. .

അശുതോഷ് ശര്‍മ്മ 26 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് 36 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.

ലക്നൗ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് അര്‍ഷ്ദീപ്, പൊരുതി നോക്കി ആയുഷ് ബദോനി

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന് 37 റൺസിന്റെ വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 236/5 എന്ന സ്കോര്‍ നേടിയ പഞ്ചാബ് എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 199 റൺസിൽ എറിഞ്ഞൊതുക്കിയാണ് പഞ്ചാബിന്റെ വിജയം. ആയുഷ് ബദോനിയും അബ്ദുള്‍ സമദും നടത്തിയ ചെറുത്ത്നില്പാണ് തോൽവി ഭാരം കുറയ്ക്കാന്‍ ലക്നൗവിനെ സഹായിച്ചത്.

മിച്ചൽ മാര്‍ഷിനെ ആദ്യം പുറത്താക്കിയ അര്‍ഷ്ദീപ് അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കിയപ്പോള്‍ ലക്നൗ 16/2 എന്ന നിലയിലായിരുന്നു. സ്കോര്‍ 27ൽ നിൽക്കുമ്പോള്‍ നിക്കോളസ് പൂരനെയും അര്‍ഷ്ദീപ് തന്നെ പുറത്താക്കി. ഋഷഭ് പന്തും ആയുഷ് ബദോനിയും ചേര്‍ന്ന് പവര്‍പ്ലേ വരെ കൂടുതൽ നഷ്ടമില്ലാതെ ടീമിനെ എത്തിച്ചു. 38 റൺസായിരുന്നു പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലക്നൗ നേടിയത്.

ഈ കൂട്ടുകെട്ട് 31 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 18 റൺസ് നേടിയ ഋഷഭ് പന്തിനെ അസ്മത്തുള്ള ഒമര്‍സായി പുറത്താക്കി. തന്റെ അടുത്ത ഓവറിൽ ഡേവിഡ് മില്ലറെയും അസ്മത്തുള്ള പുറത്താക്കിയപ്പോള്‍ ലക്നൗ 73/5 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ലക്നൗ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ആയുഷ് ബദോനിയും അബ്ദുള്‍ സമദും ബാറ്റ് വീശുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റിൽ 81 റൺസാണ് നേടിയത്. അബ്ദുള്‍ സമദിനെ പുറത്താക്കി മാര്‍ക്കോ ജാന്‍സെന്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 24 പന്തിൽ 45 റൺസാണ് സമദിന്റെ സ്കോര്‍.

40 പന്തിൽ 77 റൺസ് നേടിയ ബദോനി 20ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായപ്പോള്‍ പഞ്ചാബ് 37 റൺസ് വിജയം കരസ്ഥമാക്കി. ലക്നൗ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്.

പ്രഭ്സിമ്രാന്‍ സിംഗിന്റെ ചിറകിലേറി പഞ്ചാബ്, 236 റൺസ്

ഐപിഎലില്‍ പഞ്ചാബ് കിംഗ്സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് നേടിയത്.

ആദ്യ ഓവറിൽ തന്നെ പ്രിയാന്‍ഷ് ആര്യയെ നഷ്ടമായ പഞ്ചാബിനെ ജോഷ് ഇംഗ്ലിസും പ്രഭ്സിമ്രാന്‍ സിംഗും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 48 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 14 പന്തിൽ 30 റൺസ് നേടിയ ജോഷ് ഇംഗ്ലിസിനെ ആകാശ് മഹാരാജ് ആണ് പുറത്താക്കിയത്. നേരത്തെ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റും താരം തന്നെ നേടി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസാണ് പഞ്ചാബ് നേടിയത്. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പ്രഭ്സിമ്രാനും ചേര്‍ന്ന് പഞ്ചാബിനെ പത്തോവര്‍ അവസാനിക്കുമ്പോള്‍ 100 റൺസിലേക്ക് എത്തിച്ചു.

13ാം ഓവറിൽ ശ്രേയസ്സ് അയ്യരെ പുറത്താക്കി ദിഗ്വേഷ് രഥി ഈ കൂട്ടുകെട്ട് തകര്‍ത്തു. അയ്യര്‍ 25 പന്തിൽ 45 റൺസ് നേടിയപ്പോള്‍ മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 78 റൺസാണ് നേടിയത്. 9 പന്തിൽ 16 റൺസ് നേടിയ നേഹൽ വദേരയെ പ്രിന്‍സ് യാഥവ് പുറത്താക്കിയതോടെ പഞ്ചാബിന് തങ്ങളുടെ 4ാം വിക്കറ്റ് നഷ്ടമായി. 34 റൺസാണ് വദേരയ്ക്കൊപ്പം പ്രഭ്സിമ്രാന്‍ നേടിയത്.

പ്രഭ്സിമ്രാന്‍ മികവുറ്റ ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ കൂട്ടിനെത്തിയ ശശാങ്ക് സിംഗും വേഗത്തിൽ ബാറ്റ് വീശി പഞ്ചാബിന്റെ സ്കോര്‍ 200 കടത്തി. അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ 26 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

19ാം ഓവറിൽ ദിഗ്വേഷ് രഥി പ്രഭ്സിമ്രാന്‍ സിംഗിനെ പുറത്താക്കുമ്പോള്‍ പഞ്ചാബ് താരം 48 പന്തിൽ നിന്ന് 91 റൺസാണ് നേടിയത്. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 54 റൺസാണ് നേടിയത്.

ശശാങ്ക് സിംഗ് 15 പന്തിൽ 35 റൺസും മാര്‍ക്കസ് സ്റ്റോയിനിസ് 5 പന്തിൽ 15 റൺസും നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 7 പന്തിൽ നിന്ന് 22 റൺസാണ് നേടിയത്.

 

സൺറൈസേഴ്സിനായി പൊരുതിയത് അഭിഷേക് ശര്‍മ്മ മാത്രം, 38 റൺസ് വിജയവുമായി ഗുജറാത്ത്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 38 റൺസ് വിജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 224 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമേ നേടാനായുള്ളു. അഭിഷേക് ശര്‍മ്മ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നോക്കിയത്.

49 റൺസാണ് ട്രാവിസ് ഹെഡ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ നേടിയത്. 16 പന്തിൽ 20 റൺസ് നേടിയ ഹെഡിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സൺറൈസേഴ്സ് 57/1 എന്ന നിലയിലായിരുന്നു.

സ്കോര്‍ 82ൽ നിൽക്കുമ്പോള്‍ സൺറൈസേഴ്സിന് ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടമായി. 28 പന്തിൽ നിന്ന് അഭിഷേക് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം തികച്ചു. ക്ലാസ്സനോടൊപ്പം അഭിഷേക് ശര്‍മ്മ 57 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും 41 പന്തിൽ 74 റൺസ് നേടിയ അഭിഷേകിനെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി. 15 ഓവര്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 139/3 എന്ന നിലയിലായിരുന്നു.

തൊട്ടടുത്ത ഓവറിൽ ഹെയിന്‍‍റിച്ച് ക്ലാസ്സനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ മത്സരത്തിൽ ഗുജറാത്തിന് മേൽക്കൈ നൽകി. 18 പന്തിൽ നിന്ന് 23 റൺസായിരുന്നു ക്ലാസ്സന്‍ നേടിയത്. മത്സരം അവസാന നാലോവറിലേക്ക് കടന്നപ്പോള്‍ 80 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.

അനികേത് വര്‍മ്മയെയും കമിന്‍ഡു മെന്‍ഡിസിനെയും പുറത്താക്കി മൊഹമ്മദ് സിറാജും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. നിതീഷ് റെഡ്ഡിയും പാറ്റ് കമ്മിന്‍സും ഏഴാം വിക്കറ്റിൽ നേടിയ 41 റൺസ് ടീമിന്റെ തോൽവി ഭാരം 38 റൺസായി കറയ്ക്കുവാന്‍ സഹായിച്ചു.

നിതീഷ് കുമാര്‍ റെഡ്ഡി 21 റൺസും പാറ്റ് കമ്മിന്‍സ് 19 റൺസും നേടി പുറത്താകാതെ നിന്നു.

 

ഗില്ലും ബട്‍ലറും സുദര്‍ശനും തിളങ്ങി, ഗുജറാത്തിന് 224 റൺസ്

ഐപിഎലില്‍ സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 224 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ മികവുറ്റ ബാറ്റിംഗാണ് ഈ കൂറ്റന്‍ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.

മികച്ച ബാറ്റിംഗ് പ്രകടനം ആണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ടീമിനായി കാഴ്ചവെച്ചത്. രണ്ടാം ഓവര്‍ എറിഞ്ഞ ജയ്ദേവ് ഉനഡ്കട് മാത്രമാണ് പവര്‍പ്ലേയിൽ റൺ അധികം വഴങ്ങാതെ ബൗള്‍ ചെയ്തത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 82 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് നേടിയത്.

എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ സായി സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരി സൺറൈസേഴ്സിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. 23 പന്തിൽ 48 റൺസാണ് സായി സുദര്‍ശന്‍ നേടിയത്. 87 റൺസാണ് ഒന്നാം വിക്കറ്റിൽ ഗുജറാത്ത് ഓപ്പണര്‍മാര്‍ നേടിയത്.

സുദര്‍ശന്‍ പുറത്തായ ശേഷം എത്തിയ ജോസ് ബട്‍ലറും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഗുജറാത്ത് 9ാം ഓവറിൽ നൂറ് റൺസിലേക്ക് എത്തി. 37 പന്തിൽ 62 റൺസ് നേടിയ ഈ കൂട്ടുകെട്ട് റണ്ണൗട്ട് രൂപത്തിലാണ് അവസാനിക്കുന്നത്. 38 പന്തിൽ 76 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഗുജറാത്തിന് നഷ്ടമായത്.

ബട്‍ലറും വാഷിംഗ്ടൺ സുന്ദറും ഗുജറാത്തിനെ മുന്നോട്ട് നയിച്ചപ്പോള്‍ 31 പന്തിൽ നിന്ന് ബട്‍ലര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 57 റൺസ് കൂട്ടുകെട്ടിനെ ജോസ് ബട്‍ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് തകര്‍ത്തത്. 37 പന്തിൽ നിന്ന് 64 റൺസാണ് ബട്‍ലര്‍ നേടിയത്.

വാഷിംഗ്ടൺ സുന്ദര്‍ 21 റൺസും ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ സിക്സും നേടിയപ്പോള്‍ ഗുജറാത്ത് 224 റൺസിലേക്ക് എത്തി. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ജയ്ദേവ് ഉനഡ്കട് സൺറൈസേഴ്സ് നിരയിൽ തിളങ്ങി.

രാജസ്ഥാന് കനത്ത തോൽവി, മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു

ഐപിഎലില്‍ മുംബൈയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് രാജസ്ഥാന്‍ റോയൽസിനെതിരെയുള്ള 100 റൺസിന്റെ വിജയത്തോടെ തുടര്‍ച്ചയായ ആറാം വിജയം ആണ് ഹാര്‍ദ്ദിക് പാണ്ഡ്യയും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 217 റൺസ് നേടിയപ്പോള്‍ മത്സരത്തിന്റെ ഒരു ഘട്ടത്തിലും രാജസ്ഥാന് വെല്ലുവിളി ഉയര്‍ത്തുവാന്‍ സാധിച്ചില്ല. 16.1 ഓവറിൽ 117 റൺസിന് രാജസ്ഥാന്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. തോൽവിയോടെ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി മാറി.

ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിലെ ഹീറോ വൈഭവിനെ നഷ്ടമായപ്പോള്‍ തൊട്ടടുത്ത ഓവറിൽ ജൈസ്വാള്‍ ബോള്‍ട്ടിനെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് രാജസ്ഥാന് പ്രതീക്ഷകള്‍ നൽകി. എന്നാൽ തൊട്ടടുത്ത പന്തിൽ 13 റൺസ് നേടിയ ജൈസ്വാളിനെ ബോള്‍ട്ട് പുറത്താക്കി. ഇതോടെ രാജസ്ഥാന്‍ 18/2 എന്ന നിലയിലേക്ക് വീണു.

നിതീഷ് റാണയെ പുറത്താക്കി ബോള്‍ട്ട് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ രാജസ്ഥാന് മൂന്നാം വിക്കറ്റ് നഷ്ടമായി. 8 പന്തിൽ 16 റൺസ് നേടിയ റിയാന്‍ പരാഗിനെയും തൊട്ടടുത്ത പന്തിൽ ഷിമ്രൺ ഹെറ്റ്മ്യറെയും നഷ്ടമായതോടെ രാജസ്ഥാന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 5 വിക്കറ്റ് നഷ്ടമായി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാന്‍ 62 റൺസാണ് നേടിയത്. ഇരു വിക്കറ്റുകളും ജസ്പ്രീത് ബുംറയാണ് നേടിയത്.

9 പന്തിൽ 15 റൺസ് നേടിയ ശുഭം ദുബേയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ 9 പന്തിൽ 15 റൺസ് നേടിയ ശുഭം ദുബേയെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ 11 റൺസ് നേടിയ ധ്രുവ് ജുറേലിനെ കരൺ ശര്‍മ്മ പുറത്താക്കി.

ഒരേ ഓവറിൽ മഹീഷ് തീക്ഷണയെയും കുമാര്‍ കാര്‍ത്തികേയെയും പുറത്താക്കി കരൺ ശര്‍മ്മ രാജസ്ഥാനെ നൂറിനുള്ളിൽ പുറത്താക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കോര്‍ബിന്‍ ബോഷിനെ രണ്ട് സിക്സര്‍ പറത്തി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന്റെ സ്കോര്‍ 100 കടത്തി.

അവസാന വിക്കറ്റിൽ ജോഫ്രയും ആകാശ് മധ്വാലും ചേര്‍ന്ന് നേടിയ 26 റൺസ് കൂട്ടുകെട്ട് ആണ് രാജസ്ഥാനെ 117 റൺസിലേക്ക് എത്തിച്ചത്. 30 റൺസ് നേടിയ ജോഫ്രയാണ് ടീമിന്റെ ടോപ് സ്കോറര്‍. മുംബൈയ്ക്കായി ട്രെന്റ് ബോള്‍ട്ടും കരൺ ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.

ബാറ്റിംഗ് മികവുമായി മുംബൈ ടോപ് ഓര്‍ഡര്‍, രാജസ്ഥാനെതിരെ 217 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടമായി രാജസ്ഥാനെതിരെ ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. റയാന്‍ റിക്കൽട്ടണും രോഹിത് ശര്‍മ്മയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ മികവുറ്റ കൂട്ടുകെട്ടുമായി ഹാര്‍ദ്ദിക്കും സൂര്യകുമാറും മുംബൈയുടെ സ്കോര്‍ നൂറ് കടത്തി.

മികച്ച തുടക്കമാണ് മുംബൈയ്ക്കായി റിക്കൽട്ടണും രോഹിതും ചേര്‍ന്ന് നൽകിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസ് നേടിയ ഈ സഖ്യം 10 ഓവര്‍ പിന്നിടുമ്പോള്‍ 99 റൺസാണ് നേടിയത്.

116 റൺസാണ് ഒന്നാം വിക്കറ്റിൽ റയാന്‍ റിക്കൽട്ടൺ – രോഹിത് ശര്‍മ്മ കൂട്ടുകെട്ട് നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് രാജസ്ഥാന് ആശ്വാസം നൽകി.

38 പന്തിൽ 61 റൺസ് നേടിയ റിക്കൽട്ടണിനെ മഹീഷ് തീക്ഷണയും 36 പന്തിൽ 53 റൺസ് നേടിയ രോഹിത് ശര്‍മ്മയെ റിയാന്‍ പരാഗുമാണ് പുറത്താക്കിയത്. പിന്നീട് സൂര്യകുമാര്‍ യാദവ് – ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 44 പന്തിൽ നിന്ന് 94 റൺസ് നേടി മുംബൈയെ മുന്നോട്ട് നയിച്ചു.

സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും 23 പന്തിൽ നിന്ന് 48 റൺസ് നേടി മുംബൈയെ 217/2 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.

കൊൽക്കത്തയ്ക്ക് വിജയം സമ്മാനിച്ച് നരൈന്റെ 3 വിക്കറ്റ് നേട്ടം

ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസിനെതിരെ 14 റൺസിന്റെ വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 205 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയ്ക്ക് 190 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഫാഫ് ഡു പ്ലെസിയും അക്സര്‍ പട്ടേലും ഡൽഹി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയെങ്കിലും സുനിൽ നരൈന്‍ നേടിയ മൂന്ന് വിക്കറ്റും വരുൺ ചക്രവര്‍ത്തി നേടിയ രണ്ട് വിക്കറ്റുകളും ടീമിന്റെ താളം തെറ്റിച്ചു. വിപ്‍രാജ് നിഗം പൊരുതി നോക്കിയെങ്കിലും താരത്തിന് അവസാന കടമ്പ കടക്കുവാന്‍ ടീമിനെ സഹായിക്കാനായില്ല.

ആദ്യ ഓവറിൽ തന്നെ അഭിഷേക് പോറെലിനെ നഷ്ടമായി ഡൽഹിയെ ഫാഫ് ഡു പ്ലെസിയും കരുൺ നായരും ചേര്‍ന്ന് 39 റൺസ് നേടി.58/2 എന്ന നിലയിലായിരുന്നു പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ്. കെഎൽ രാഹുല്‍ റണ്ണൗട്ട് ആയെങ്കിലും ഡു പ്ലെസിയുംഅക്സറും ചേര്‍ന്ന് പത്തോവറിൽ ഡൽഹിയെ 97/3 എന്ന നിലയിലേക്ക് എത്തിച്ചു.

76 റൺസ് നേടിയ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിനെ സുനിൽ നരൈന്‍ ആണ് തകര്‍ത്തത്. 23 പന്തിൽ 43 റൺസ് നേടിയ അക്സര്‍ പട്ടേലിനെ നരൈന്‍ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സിനെയും നരൈന്‍ പുറത്താക്കി. ഇതോടെ 138/5 എന്ന നിലയിലേക്ക് ഡൽഹി വീണു.

45 പന്തിൽ 62 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയെയും പുറത്താക്കി സുനിൽ നരൈന്‍ കൊൽക്കത്തയ്ക്ക് മത്സരത്തിൽ മേൽക്കൈ നേടി. അശുതോഷ് ശര്‍മ്മയെയും മിച്ചൽ സ്റ്റാര്‍ക്കിനെയും വരുൺ ചക്രവര്‍ത്തി പുറത്താക്കിയപ്പോള്‍ ഡൽഹിയുടെ പതനം പൂര്‍ത്തിയാക്കി.

ഓള്‍റൗണ്ടര്‍ വിപ്‍രാജ് നിഗം തന്റെ വെടിക്കെട്ട് ബാറ്റിംഗുമായി ഡൽഹിയുടെ പ്രതീക്ഷ കാത്ത് സൂക്ഷിച്ചപ്പോള്‍ അവസാന ഓവറിൽ 25 റൺസായി ഡൽഹിയുടെ വിജയ ലക്ഷ്യം മാറി. 19 പന്തിൽ 38 റൺസ് നേടിയ നിഗം റസ്സലിന് അവസാന ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് നൽകി മടങ്ങി.

ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ കൊൽക്കത്ത ബാറ്റര്‍മാര്‍, ടീമിന് 204 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 204 റൺസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി ബാറ്റിംഗിനറങ്ങിയവരിൽ മിക്കവരും അതിവേഗത്തിൽ സ്കോര്‍ നേടിയെങ്കിലും അത് വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിക്കാതെ പോയത് 220ന് മേലെയുള്ള സ്കോറിലേക്ക് എത്തുവാന്‍ കഴിഞ്ഞില്ല. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ കൊൽക്കത്ത നേടിയത്.

റഹ്മാനുള്ള ഗുര്‍ബാസും സുനിൽ നരൈനും മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നൽകിയത്. 12 പന്തിൽ 26 റൺസ് നേടിയ ഗുര്‍ബാസിനെ കൊൽക്കത്തയ്ക്ക് നഷ്ടമാകുമ്പോള്‍ ടീം 3 ഓവറിൽ 48 റൺസാണ് നേടിയത്.

പകരമെത്തിയ അജിങ്ക്യ രഹാനെയും സുനിൽ നരൈനും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 79 റൺസാണ് കൊൽക്കത്ത ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം സുനിൽ നരൈനെ ടീമിന് നഷ്ടമാകുമ്പോള്‍ കൊൽക്കത്തയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 37 റൺസാണ് നേടിയത്. ഗുര്‍ബാസിനെ സ്റ്റാര്‍ക്കും നരൈനെ വിപ്‍രാജ് നിഗമും ആണ് പുറത്താക്കിയത്. 16 പന്തിൽ 27 റൺസാണ് നരൈന്‍ നേടിയത്.

അജിങ്ക്യ രഹാനെയെയും വെങ്കടേഷ് അയ്യരെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി അക്സര്‍ പട്ടേൽ ഡൽഹിയ്ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി. രഹാനെ 14 പന്തിൽ 26 റൺസ് നേടിയപ്പോള്‍ വെങ്കടേഷ് അയ്യര്‍ 7 റൺസ് നേടി പുറത്തായി.

അംഗ്കൃഷ് രഘുവൻഷി 32 പന്തിൽ 44 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചപ്പോള്‍ റിങ്കു സിംഗും മികച്ച രീതിയിൽ കൊൽക്കത്തയ്ക്കായി ബാറ്റ് വീശി. റിങ്കു 25 പന്തിൽ 36 റൺസ് നേടി. 61 റൺസാണ് രഘുവന്‍ഷിയും റിങ്കുവും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയത്. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

ആന്‍ഡ്രേ റസ്സൽ 9 പന്തിൽ 17 റൺസ് നേടിയപ്പോള്‍ കൊൽക്കത്ത 200 കടക്കുകയായിരുന്നു. എന്നാൽ 220ന് മേലെയുള്ള സ്കോറിലേക്ക് കുതിയ്ക്കുകയായിരുന്ന കൊൽക്കത്തയെ 204 റൺസിലൊതുക്കുവാന്‍ സാധിച്ചത് ഡൽഹിയ്ക്ക് ആശ്വാസമാകും. ഡൽഹിയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിപ്‍രാജ് നിഗം അക്സര്‍ പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ഗുജറാത്തിന് വൈഭവിന്റെ ഷോക്ക് ട്രീറ്റ്മെന്റ്, രാജസ്ഥാന്‍ വിജയ വഴിയിൽ

വിജയത്തിന് തൊട്ടടുത്തെത്തി കാലിടറുന്ന രാജസ്ഥാന്റെ ആധികാരിക വിജയം ഐപിഎലില്‍ കണ്ടപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കോരിത്തരിക്കുന്ന മനോഹര നിമിഷം നൽകി ഒരു 14 വയസ്സുകാരന്റെ അഴിഞ്ഞാട്ടം ആണ്  രാജസ്ഥാന്‍ റോയൽസിന്റെ ഹോം ഗ്രൗണ്ട് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

210 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ 15.5 ഓവറിൽ 8 വിക്കറ്റ് വിജയം കരസ്ഥമാക്കിയപ്പോള്‍ വൈഭവ് സൂര്യവന്‍ഷിയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ആണ് ഐപിഎൽ ആരാധകര്‍ക്ക് കാണാനായത്.

ആദ്യ ഓവറിൽ തന്നെ യശസ്വി ജൈസ്വാളിന്റെ ക്യാച്ച് ജോസ് ബട്‍ലര്‍ കൈവിട്ടത് ഗുജറാത്തിന് വലിയ തിരിച്ചടിയായി മാറി. ജൈസ്വാളും വൈഭവും ചേര്‍ന്ന് അടിച്ച് തകര്‍ത്തപ്പോള്‍
4ാം ഓവറിൽ തന്നെ രാജസ്ഥാനെ 50 റൺസിലേക്ക് എത്തി.

വാഷിംഗ്ടൺ സുന്ദറിനെ ഒരോവറിൽ 21 റൺസിന് വൈഭവ് പായിച്ചപ്പോള്‍ താരം 17 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം വൈഭവ് തികച്ചു. അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ 3 ബൗണ്ടറിയും 6 സിക്സുമാണ് താരം നേടിയത്.

പവര്‍ പ്ലേയിലെ അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണ വെറും 6 റൺസ് വിട്ട് നൽകിയപ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 87 റൺസാണ് ആദ്യ ആറോവറിൽ നേടിയത്. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ റഷീദ് ഖാന്റെ ആദ്യ പന്തിൽ ഒരു എൽബിഡബ്ല്യ റിവ്യു വൈഭവ് അതിജീവിച്ചു. ഏഴാം ഓവറിൽ റഷീദ് വെറും 4 റൺസാണ് വിട്ട് നൽകിയത്. പ്രസിദ്ധിന്റെ രണ്ടാം ഓവറിൽ ജൈസ്വാള്‍ രണ്ട് ബൗണ്ടറിയും വൈഭവ് ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസ് വന്നു. രാജസ്ഥാന്‍ തങ്ങളുടെ നൂറ് റൺസ് തികയ്ക്കുകയും ചെയ്തു.

പത്താം ഓവറിൽ കരിം ജനതിനെ 5 സിക്സുകള്‍ക്ക് പായിച്ച് വൈഭവ് 94ൽ എത്തിയപ്പോള്‍ അടുത്ത ഓവറിൽ റഷീദ് ഖാനെ സിക്സര്‍ പറത്തി താരം 35 പന്തിൽ നിന്ന് തന്റെ കന്നി ഐപിഎൽ ശതകം നേടി. ഐപിഎൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ രണ്ടാമത്തെ ശതകമാണ് ഇത്.

തൊട്ടടുത്ത ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ ബൗണ്ടറി കടത്തി ജൈസ്വാള്‍ തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ നിന്ന് തികച്ചു. അതേ ഓവറിൽ ജൈസ്വാള്‍ ഒരു സിക്സ് കൂടി നേടിയെങ്കിലും വൈഭവ് സൂര്യവന്‍ഷിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകി.

38 പന്തിൽ 101 റൺസ് നേടിയ വൈഭവ് പുറത്താകുമ്പോള്‍ ഒന്നാം വിക്കറ്റിൽ ജൈസ്വാളുമായി താരം 166 റൺസാണ് 71 പന്തിൽ നേടിയത്. റിയാന്‍ പരാഗ് സായി കിഷോറിനെ രണ്ട് ഫോറിനും ഒരു സിക്സിനും പറത്തിയപ്പോള്‍ 15 ഓവറിൽ രാജസ്ഥാന്‍ 199/2 എന്ന നിലയിലായിരുന്നു.

15.5 ഓവറിൽ രാജസ്ഥാന്‍ വിജയം നേടുമ്പോള്‍ സിക്സര്‍ പറത്തി ടീമിനെ 212 റൺസിലേക്ക് എത്തിച്ച് റിയാന്‍ പരാഗ് ആണ് വിജയ റൺസ് നേടിയത്. ജൈസ്വാള്‍ 40 പന്തിൽ 70 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ റിയാന്‍ പരാഗ് 15 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 റൺസാണ് നേടിയത്.

Exit mobile version