Lsg

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച വിജയവുമായി ലക്നൗ

ഐപിഎലില്‍ ലക്നൗവിന് മികച്ച വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ 33 റൺസിന്റെ വിജയം ആണ് ലക്നൗ നേടിയത്. 236 റൺസ് വിജയ ലക്ഷ്യം നേടിയിറങ്ങിയ ഗുജറാത്തിന് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസേ നേടാനായുള്ളു.

പവര്‍പ്ലേയ്ക്കുള്ളിൽ 46 റൺസിൽ നിൽക്കുമ്പോള്‍ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. 16 പന്തിൽ 21 റൺസ് നേടിയ സായി സുദര്‍ശനെ പുറത്താക്കി വില്യം ഒറൗര്‍ക്കേ ആണ് ഓപ്പണിംഗ് കൂട്ടുകെട്ട് തകര്‍ത്തത്. പവര്‍പ്ലേയിലെ അവസാന ഓവറിൽ അവേശ് ഖാനെ രണ്ട് ഫോറിനും രണ്ട് സിക്സിനും പായിച്ച് ജോസ് ബട്‍ലര്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ ഗുജറാത്തിന് 6 ഓവറിൽ നിന്ന് 67 റൺസാണ് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

ബട്‍ലറും ഗില്ലും രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിചേര്‍ത്തുവെങ്കിലും അവേശ് ഖാന്‍ കൂട്ടുകെട്ട് തകര്‍ത്തു. 20 പന്തിൽ 35 റൺസ് നേടിയ ഗില്ലിനെയാണ് ഗുജറാത്തിന് രണ്ടാം വിക്കറ്റായി നഷ്ടമായത്.

പത്താം ഓവറിൽ ജോസ് ബട്‍ലറെ ഗുജറാത്തിന് നഷ്ടമായത് ടീമിന് വലിയ തിരിച്ചടിയായി. 18 പന്തിൽ നിന്ന് 33 റൺസാണ് ബട്‍ലര്‍ നേടിയത്. ജോസ് ബട്‍ലര്‍ പുറത്താകുമ്പോള്‍ ഗുജറാത്തിന്റെ ടീം സ്കോര്‍ 96 റൺസായിരുന്നു.

ഷാരൂഖ് ഖാനും ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡും മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയപ്പോള്‍ അവസാന 5 ഓവറിൽ 71 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്. ബൗളിംഗിലേക്ക് വീണ്ടുമെത്തിയ വില്യം ഒറൗര്‍ക്കേ ഈ കൂട്ടുകെട്ട് തകര്‍ത്തു. 86 റൺസ് കൂട്ടുകെട്ടിന് ശേഷം 22 പന്തിൽ 38 റൺസ് നേടിയ റൂഥര്‍ഫോര്‍ഡിനെ ആണ് ഗുജറാത്തിന് നഷ്ടമായത്.

എന്നാൽ 22 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച് ഷാരൂഖ് ഖാന്‍ ഗുജറാത്തിന്റെ വിജയ പ്രതീക്ഷ നിലനിര്‍ത്തി. ഇതേ ഓവറിൽ രാഹുല്‍ തെവാത്തിയയുടെ വിക്കറ്റും വില്യം നേടി. അവസാന മൂന്നോവറിൽ 50 റൺസായിരുന്നു ഗുജറാത്തിന് നേടാനുണ്ടായിരുന്നത്.

എന്നാൽ 18ാം ഓവറിൽ ഗുജറാത്തിന് നേടാനായത് വെറും 7 റൺസ് മാത്രമാകുകയും അര്‍ഷദ് ഖാന്റെ വിക്കറ്റും നഷ്ടമായപ്പോള്‍ അവസാന രണ്ടോവറിൽ 43 റൺസായിരുന്നു ലക്ഷ്യം. 29 പന്തിൽ 57 റൺസ് നേടിയ ഷാരൂഖ് ഖാനെ 19ാം ഓവറിൽ നഷ്ടമായപ്പോള്‍ ഗുജറാത്തിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

 

Exit mobile version