Brewis

തകര്‍ച്ചയിൽ നിന്ന് ചെന്നൈയെ കരകയറ്റി ബ്രെവിസ്, മികച്ച ബാറ്റിംഗുമായി ആയുഷ് മാത്രേയും

ഐപിഎലിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ രാജസ്ഥാനെതിരെ 187 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആയുഷ് മാത്രേയും ഡെവാള്‍ഡ് ബ്രെവിസും ശിവം ദുബേയും മാത്രമാണ് ചെന്നൈ നിരയിൽ തിളങ്ങിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ ഈ സ്കോര്‍ നേടിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. രണ്ടാം ഓവറിൽ ഡെവൺ കോൺവേയെയും ഉര്‍വിൽ പട്ടേലിനെയും യുദ്ധ്‍വിര്‍ സിംഗ് ചരക് പുറത്താക്കിയപ്പോള്‍ ആയുഷ് മാത്രേ മികച്ച രീതിയിൽ ബാറ്റ് വീശി. പവര്‍പ്ലേയിലെ അവസാന ഓവറിൽ മാത്രം പുറത്താകുമ്പോള്‍ താരം 20 പന്തിൽ 43 റൺസ് നേടിയിരുന്നു. ചെന്നെയുടെ സ്കോര്‍ 68 റൺസും.

മാത്രേയുടെ വിക്കറ്റ് തുഷാര്‍ ദേശ്പാണ്ടേ ആണ് നേടിയത്. പവര്‍പ്ലേ കഴിഞ്ഞയുടനെ അശ്വിനെ പുറത്താക്കി ഹസരംഗ പുറത്താക്കി. തൊട്ടടുത്ത ഓവറിൽ രവീന്ദ്ര ജഡേജയെ പുറത്താക്കി യുദ്ധ്‍വിര്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

78/5 എന്ന നിലയിലേക്ക് വീണ ചെന്നൈയെ തിരികെ മത്സരത്തിലേക്ക് എത്തിച്ചത് ഡെവാള്‍ഡ് ബ്രെവിസിന്റെ മിന്നും ബാറ്റിംഗ് പ്രകടനം ആണ്.  ആറാം വിക്കറ്റിൽ 59 റൺസാണ് ബ്രെവിസും ദുബേയും ചേര്‍ന്ന് നേടിയത്. ഇതിൽ 25 പന്തിൽ നിന്ന് 42 റൺസായിരുന്നു ബ്രെവിസിന്റെ സംഭാവന. ബ്രെവിസ് പുറത്തായ ശേഷം ശിവം ദുബേ സ്കോറിംഗ് വേഗത കൂട്ടി. താരം 39 റൺസാണ് നേടിയത്. ബ്രെവിസിനെയും ദുബേയെയും ആകാശ് മാധ്വൽ ആണ് പുറത്താക്കിയത്.

അവസാന ഓവറിൽ ധോണിയെയും പുറത്താക്കി ആകാശ് മാധ്വൽ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി.

Exit mobile version