Mitchellmarsh

മൈറ്റി മാര്‍ഷ്!!! കൊടുങ്കാറ്റായി പൂരന്‍!!! ഗുജറാത്തിന് മുന്നിൽ 236 റൺസ് വിജയ ലക്ഷ്യം നൽകി ലക്നൗ

ആദ്യ രണ്ട് സ്ഥാനങ്ങളെന്ന ഗുജറാത്തിന്റെ സ്വപ്നങ്ങള്‍ക്ക് മുന്നിൽ 236 റൺസിന്റെ വെല്ലുവിളി ഒരുക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. പ്ലേ ഓഫില്‍ നിന്ന് നേരത്തെ തന്നെ ലക്നൗ പുറത്തായെങ്കിലും ഇന്ന് തങ്ങളുടെ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ടീം 2 വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. ശതകം നേടിയ മിച്ചൽ മാര്‍ഷിനൊപ്പം നിക്കോളസ് പൂരനും എയ്ഡന്‍ മാര്‍ക്രവും തിളങ്ങിയപ്പോള്‍ കൂറ്റന്‍ സ്കോറാണ് ലക്നൗ നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റൺസായിരുന്നു ലക്നൗ നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം മാര്‍ഷ് അതിവേഗത്തിൽ സ്കോറിംഗ് തുടങ്ങുകയായിരുന്നു.  10ാം ഓവറിൽ മാര്‍ക്രത്തിനെ നഷ്ടമാകുമ്പോള്‍ 91 റൺസാണ് ലക്നൗ നേടിയത്. 24 പന്തിൽ 36 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തെ സായി കിഷോര്‍ ആണ് പുറത്താക്കിയത്.

മാര്‍ക്രം പുറത്തായ ശേഷം ക്രീസിലെത്തിയ നിക്കോളസ് പൂരന്‍ കൊടുങ്കാറ്റായി മാറിയപ്പോള്‍ മാര്‍ഷ് 56 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി.

പൂരന്‍ 23 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതം നേടിയപ്പോള്‍ 18ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ തുടരെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് മാര്‍ഷ് ടീം സ്കോര്‍ 200 കടത്തി. 19ാം ഓവറിൽ അര്‍ഷദ് ഖാന് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മിച്ചൽ മാര്‍ഷ് 64 പന്തിൽ നിന്ന് 117 റൺസാണ് നേടിയത്. 10 ഫോറും 8 സിക്സും അടങ്ങിയതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്.

ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ നിക്കോളസ് പൂരന്‍ 27 പന്തിൽ 56 റൺസും ഋഷഭ് പന്ത് 6 പന്തിൽ 16 റൺസും നേടി ക്രീസിലുണ്ടായിരുന്നു. 10 പന്തിൽ 23 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത് .

Exit mobile version