ബാംഗ്ലൂരിന്റെ സ്കോറിന് മാന്യത പകര്‍ന്ന് മാക്സ്വെല്‍, സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണയുമായി ഫീല്‍ഡര്‍മാരും

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങി റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 20 ഓവര്‍ അവസാനിക്കുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

41 പന്തില്‍ 59 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. വിരാട് കോഹ്‍ലി 33 റണ്‍സ് നേടി. ആര്‍ക്കും തന്നെ ടി20 ശൈലിയില്‍ ബാറ്റ് ചലിപ്പിക്കുവാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. വിരാട് കോഹ്‍ലിയുടെയും എബി ഡി വില്ലിയേഴ്സിന്റെ വിക്കറ്റുകള്‍ തുടരെ തുടരെയുള്ള ഓവറുകളില്‍ നഷ്ടമായതാണ് റോയല്‍ ചലഞ്ചേഴ്സ് ബാറ്റിംഗിന്റെ താളം തെറ്റിച്ചത്.

Sunrisers2

മികച്ച ക്യാച്ചുകള്‍ പൂര്‍ത്തിയാക്കി സണ്‍റൈസേഴ്സ് ഫീല്‍ഡര്‍മാരും ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 27 റണ്‍സ് നേടിയ മാക്സ്വെല്‍ – ജാമിസണ്‍ കൂട്ടുകെട്ടാണ് മത്സരത്തില്‍ മാന്യമായ സ്കോറിലേക്ക് എത്തുവാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ സഹായിച്ചത്.

12 റണ്‍സ് നേടിയ കൈല്‍ ജാമിസണ്‍ അവസാന ഓവറില്‍ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. അതേ ഓവറിലെ അവസാന പന്തില്‍ ജേസണ്‍ ഹോള്‍ഡര്‍ മാക്സ്വെല്ലിനെയും പുറത്താക്കി.

സണ്‍റൈസേഴ്സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്നും റഷീദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി.