ഐപിഎലില്‍ ചില താരങ്ങളുടെ ഇരട്ടത്താപ്പ് വ്യക്തമായി – ഗ്രെയിം സ്മിത്ത്

ഐപിഎലില്‍ നിന്ന് ചില താരങ്ങള്‍ കോവിഡ് കൂടുന്ന സാഹചര്യത്തില്‍ മടങ്ങിയപ്പോള്‍ ചില താരങ്ങള്‍ വാ തുറക്കാതിരുന്നത് അവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് പറഞ്ഞ് ഗ്രെയിം സ്മിത്ത്. ഓസ്ട്രേലിയന്‍ താരങ്ങളെ ഉന്നം വെച്ചാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് ഇക്കാര്യം പറഞ്ഞത്.

ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കൂടുന്നു എന്ന് പറഞ്ഞ് പരമ്പര ഉപേക്ഷിച്ച അതേ വ്യക്തികളാണ് ഇന്ത്യയില്‍ ഇത്രയധികം കോവിഡ് കേസുകള്‍ വന്ന സാഹചര്യത്തിലും അതിനെതിരെ ശബ്ദം ഉയര്‍ത്താതെ ഐപിഎല്‍ കളിച്ചു കൊണ്ടിരുന്നതെന്ന് സ്മിത്ത് പറഞ്ഞു. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ വ്യക്തമായ ഉദാഹരണം ആണെന്ന് ഗ്രെയിം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയില്‍ കളിക്കുവാന്‍ ഭയം ഉണ്ടായിരുന്ന താരങ്ങള്‍ക്ക് ഒരിക്കലും ഇന്ത്യയില്‍ സമാന ഭയം തോന്നാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും സ്മിത്ത് പറഞ്ഞു.