അത് “ബോള്‍ ഓഫ് ദി ഐപിഎല്‍”

ആന്‍ഡ്രേ റസ്സലിനെ സൂപ്പര്‍ ഓവറില്‍ പുറത്താക്കുവാന്‍ കാഗിസോ റബാഡ എറിഞ്ഞ യോര്‍ക്കറിനെ ഐപിഎലിലെ പന്തെന്ന് വിശേഷിപ്പിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന കൊല്‍ക്കത്തയ്ക്ക് ആദ്യ തിരിച്ചടി നല്‍കിയത് റബാഡ മണിക്കൂറില്‍ 147 കിലോമീറ്റര്‍ വേഗതയിലുള്ള പന്തെറിഞ്ഞ് കുറ്റിതെറിപ്പിച്ചായിരുന്നു. ആ ഇന്‍സ്വിംഗിംഗ് യോര്‍ക്കറിനു മുന്നില്‍ റസ്സലിന്റെ മിഡില്‍ സ്റ്റംപാണ് തെറിച്ചത്.

കാഗിസോ റബാഡയുടെ സൂപ്പര്‍ ഓവറും ആന്‍ഡ്രേ റസ്സിലനെതിരെയുള്ള ആ യോര്‍ക്കറും മിക്കവാറും ഐപിഎലിലെ പന്തായി മാറിയെക്കും. റസ്സലിനെതിരെ അത്തരത്തിലൊരു പന്തെറിയുന്നത് അവിശ്വസനീയമാണ്. കാരണം റസ്സല്‍ തന്റെ കരിയറിലെ തന്നെ മികച്ച ഫോമിലാണിപ്പോള്‍ കളിയ്ക്കുന്നതെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.

ടീമീനു ഈ വിജയം അനിവാര്യമായിരുന്നു. ഇതൊരു യുവനിരയാണ്. ഇത്തരത്തിലുള്ള വിജയങ്ങള്‍ ടീമിന്റെ ആത്മവിശ്വാസത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും. എനിയും മത്സരങ്ങള്‍ ഏറെയുണ്ട് എന്നാലും വിജയം എപ്പോളും വിജയം തന്നെയാണ്. ആ നിമിഷങ്ങളെ ആഘോഷിക്കുക തന്നെ വേണം. പൃഥ്വി ഷായ്ക്ക് ശതകം നഷ്ടമായതില്‍ തനിക്ക് സങ്കടമുണ്ടെന്നും താരത്തിനു ഐപിഎലിലും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇനിയും ശതകങ്ങള്‍ ലഭിയ്ക്കട്ടേ എന്നും ഗാംഗുലി ആശംസിച്ചു.