അത്ഭുത ഫ്രീ കിക്ക് ഗോൾ നേടിയ താരത്തെ സ്വന്തമാക്കി ഗോകുലം

ഇന്ത്യക്ക് വേണ്ടി സാഫ് കപ്പിൽ അത്ഭുത ഫ്രീ കിക്ക് നേടിയ താരം ദലിമ ചിബറിനെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി. അടുത്ത മാസം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന വനിതാ ഐലീഗിന് വേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ദലിമ ചിബറിനെ ഗോകുലം കേരള എഫ് സി ടീമിലേക്ക് എത്തിച്ചത്. താരവും ക്ലബുമായി അന്തിമ ചർച്ചകൾ നടക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോകുലം ഈ വിവരം പുറത്ത് വിട്ടത്.

നേപ്പാളിൽ നടന്ന സാഫ് കപ്പ് ഫൈനലിൽ ആയിരുന്നു റൊണാൾഡീനോയുടെ ഫ്രീകിക്കിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ഉള്ള ഫ്രീകിക്ക് ഗോൾ ദലിമ നേടിയത്. സാമൂഹിക മാധ്യമങ്ങൾ വഴി ലോക ശ്രദ്ധ തന്നെ ഈ ഗോളിനായിരുന്നു. അന്ന് ആ ഗോളിന്റെ ബലത്തിൽ ഇന്ത്യ വിജയിക്കുകയും സാഫ് കിരീടം നേടുകയും ചെയ്തിരു‌ന്നു. ദലീമ ടൂർണമെന്റിലെ മികച്ച താരമായും മാറിയിരുന്നു.

കഴിഞ്ഞ തവണ വനിതാ ഐലീഗിൽ സെമി ഫൈനലിൽ എത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന ഗോകുലം കേരള എഫ് സി ഇത്തവണ കിരീടം തന്നെ ആണ് ലക്ഷ്യം വെക്കുന്നത്. ഗോകുലം കേരള എഫ് സി മികച്ച ടീമിനെ തന്നെ അണിയറയിൽ ഒരുക്കുന്നുണ്ട്. വിദേശ താരങ്ങളെ ഉൾപ്പെടെ ടീമിൽ എത്തിക്കാൻ ഉള്ള അവസാന വട്ട ശ്രമത്തിലാണ് ഗോകുലം ഇപ്പോൾ ഉള്ളത്.