പഞ്ചാബിന് പണി കൊടുത്ത് ദീപക് ചഹാര്‍, ഒറ്റയാള്‍ പോരാട്ടവുമായി ഷാരൂഖ് ഖാന്‍

പഞ്ചാബ് കിംഗ്സിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്തെറിഞ്ഞ് ദീപക് ചഹാര്‍. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ദീപക് ചഹാര്‍ നല്‍കിയത്. ആദ്യ ഓവറില്‍ തന്നെ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയ ചഹാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.

26/5 എന്ന നിലയിലേക്ക് വീണ പഞ്ചാബ് കിംഗ്സിനെ ഷാരൂഖ് ഖാനും ജൈ റിച്ചാര്‍ഡ്സണും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ മോയിന്‍ അലി ആണ് തകര്‍ത്തത്. 15 റണ്‍സ് നേടിയ ജൈ റിച്ചാര്‍ഡ്സണെ ആണ് അലി പുറത്താക്കിയത്.

Sharukhkhan

മുരുഗന്‍ അശ്വിനെ കൂട്ടുപിടിച്ച് ഷാരൂഖ് ഖാന്‍ മെല്ലെ പഞ്ചാബ് കിംഗ്സ് ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 30 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ 17ാം ഓവറില്‍ ഡ്വെയിന്‍ ബ്രാവോ ആണ് തകര്‍ത്തത്. 6 റണ്‍സ് നേടിയ മുരുഗന്‍ അശ്വിനെ വീഴ്ത്തിയാണ് ബ്രാവോ ഇന്നിംഗ്സില്‍ ആദ്യമായി പന്തെറിയാനെത്തിയ ഓവറില്‍ വിക്കറ്റ് നേടിയത്.

36 പന്തില്‍ 47 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പോരാട്ടം ആണ് പഞ്ചാബ് കിംഗ്സിനെ നൂറ് കടക്കുവാന്‍ സഹായിച്ചത്. അവസാന ഓവറില്‍ സാം കറന്‍ ആണ് താരത്തെ പുറത്താക്കിയത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് പഞ്ചാബ് കിംഗ്സ് നേടിയത്.

ദീപക് ചഹാര്‍ തന്റെ ഓപ്പണിംഗ് സ്പെല്ലില്‍ 13 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് നാല് വിക്കറ്റ് നേടിയത്.