ചെന്നൈയുടെ വൈസ് ക്യാപ്റ്റനെ വൈകി മാത്രമേ പ്രഖ്യാപിക്കുകയുള്ളു

ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് മുംബൈയില്‍ ആരംഭിച്ചുവെങ്കിലും എംഎസ് ധോണിയുടെ ഡെപ്യൂട്ടിയായി ആരെന്നുള്ളത് ടീം ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സീസണ്‍ വരെ സുരേഷ് റെയ്‍നയായിരുന്നു ടീമിന്റെ ഉപനായകന്‍. താരം വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ സീസണ്‍ ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. റെയ്നയെ തന്റെ പഴയ സ്ഥാനത്തേക്ക് ഫ്രാഞ്ചൈസി വീണ്ടും പുനഃസ്ഥാപിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.

വൈസ് ക്യാപ്റ്റന് ‍ആരെന്നത് ടീം ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിനോട് അടുക്കുമ്പോള്‍ മാത്രമാകും തീരുമാനിക്കുക എന്നാണ് ടീം സിഇഒ കാശി വിശ്വനാഥ് പറഞ്ഞത്. റെയ്നയ്ക്ക് വീണ്ടും ഉപനായക സ്ഥാനം നല്‍കുന്നില്ലെങ്കില്‍ കൂടുതല്‍ സാധ്യത എംഎസ് ധോണിയ്ക്ക് സഹായത്തിനായി എത്തുക രവീന്ദ്ര ജഡേജ ആയിരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ചെന്നൈയുടെ പരിശീലനം ബാര്‍ബോണ്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഐപിഎലില്‍ ആദ്യ മത്സരത്തില്‍ വാങ്കഡേ സ്റ്റേഡിയത്തില്‍ ചെന്നൈ ഡല്‍ഹിയെയാണ് നേരിടുന്നത്.