ആ രണ്ട് കാര്യങ്ങള്‍ ഔദ്യോഗികമായി, ചെന്നൈ പ്ലേ ഓഫിലേക്ക്, സൺറൈസേഴ്സ് പുറത്തേക്ക്

ഇന്നത്തെ ചെന്നൈയ്ക്കെതിരെയുള്ള പരാജയത്തോടെ ഐപിഎലില്‍ രണ്ട് കാര്യങ്ങള്‍ക്ക് തീരുമാനമായി. ചെന്നൈ പ്ലേ ഓഫിലേക്ക് കടന്നപ്പോള്‍ സൺറൈസേഴ്സിന്റെ നേരിയ പ്രതീക്ഷ ഔദ്യോഗികമായി ഇല്ലാതായി. സൺറൈസേഴ്സ് നേരത്തെ തന്നെ തങ്ങള്‍ക്ക് സാധ്യതയില്ലെന്നും യുവ താരങ്ങള്‍ക്ക് ടീം അവസരം നല്‍കുമെന്നും രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തന്നെ അറിയിച്ചിരുന്നുവെങ്കിലും ചില വിദൂര സാധ്യതകള്‍ ടീമിന് അവശേഷിക്കുന്നുണ്ടായിരുന്നു.

അതേ സമയം ഇന്നത്തെ വിജയത്തോടെ 18 പോയിന്റുമായി ഔദ്യോഗികമായി പ്ലേ ഓഫിലേക്ക് എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മാറി. ഇതുവരെ 11 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ചെന്നൈ പരാജയം ഏറ്റു വാങ്ങിയത്. അതേ സമയം സൺറൈസേഴ്സിന് സ്വന്തമാക്കുവാന്‍ സാധിച്ചത് രണ്ട് വിജയം മാത്രമാണ്.

ആറ് ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടെങ്കിലും 16 പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റൽസും 14 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സിനും മറ്റു നാല് ടീമുകളെക്കാള്‍ മുന്‍തൂക്കമുണ്ട്. ഏറ്റവും സാധ്യത കുറവുള്ള ടീമാണ് രാജസ്ഥാന്‍ റോയൽസും പഞ്ചാബ് കിംഗ്സും.

ഇരു ടീമുകളും അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാലും 14 പോയിന്റ് വരെ മാത്രമേ എത്തുകയുള്ളു.