വീണ്ടും മികവ് തെളിയിച്ച് റുതുരാജ് – ഫാഫ് കൂട്ടുകെട്ട്, അവസാന ഓവറിൽ ചെന്നൈയെ പ്ലേ ഓഫിലെത്തിച്ച് റായിഡു – ധോണി കൂട്ടുകെട്ട്

സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ സ്കോറായ 134 റൺസ് 2 പന്ത് അവശേഷിക്കവേ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 75 റൺസ് കൂട്ടുകെട്ടുമായി ഓപ്പണര്‍മാരായ റുതുരാജ് ഗായക്വാഡ് – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം ചെന്നൈ ടോപ് ഓര്‍ഡര്‍ തുടര്‍ന്നപ്പോള്‍ 6 വിക്കറ്റിന്റെ ജയമാണ് ചെന്നൈ നേടിയത്. വിജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫിലേക്ക് എത്തി.

Jasonholder

ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുമായി സൺറൈസേഴ്സ് നിരയിൽ തിളങ്ങിയെങ്കിലും ലക്ഷ്യം അത്ര വലുതല്ലാത്തതിനാൽ തന്നെ ചെന്നൈയുടെ വിജയം തടയുവാന്‍ സൺറൈസേഴ്സിന് സാധിച്ചില്ല. റുതുരാജ് 45 റൺസ് നേടിയപ്പോള്‍ ഫാഫ് ഡു പ്ലെസി 41 റൺസും മോയിന്‍ അലി 17 റൺസുമാണ് നേടിയത്.

ലക്ഷ്യം 18 പന്തിൽ 22 റൺസ് എന്ന നിലയിലേക്ക് കൊണ്ടെത്തിക്കുവാന്‍ സൺറൈസേഴ്സിന് സാധിച്ചു. 18ാം ഓവര്‍ എറിഞ്ഞ സിദ്ധാര്‍ത്ഥ് കൗള്‍ മികച്ച ഓവര്‍ എറിഞ്ഞുവെങ്കിലും അമ്പാട്ടി റായിഡു നേടിയ ബൗണ്ടറി ലക്ഷ്യം 12 പന്തിൽ 16 ആയി മാറി.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 19ാം ഓവറിൽ 13 റൺസ് പിറന്നപ്പോള്‍ റായിഡു ഒരു സിക്സും ധോണി ഒരു ഫോറും നേടുകയായിരുന്നു. റായിഡു 13 പന്തിൽ 17 റൺസ് നേടിയപ്പോള്‍ എംഎസ് ധോണി 14 റൺസ് നേടി. 31 റൺസാണ് ഈ അപരാജിത കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്.