നി‍‍‍ർണ്ണായ വിക്കറ്റുകളുമായി അവേശ് ഖാനും ക്രുണാൽ പാണ്ഡ്യയും, സൺറൈസേഴ്സിനെ വീഴ്ത്തി ലക്നൗ മുന്നോട്ട്

ഐപിഎലില്‍ തങ്ങളുടെ രണ്ടാം തോൽവിയേറ്റ് വാങ്ങി സൺറൈസേഴ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രാഹുല്‍ ത്രിപാഠിയും നിക്കോളസ് പൂരനും ക്രീസിലുള്ളപ്പോള്‍ സൺറൈസേഴ്സിന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ക്രുണാൽ പാണ്ഡ്യയുടെയും അവേശ് ഖാന്റെയും നിര്‍ണ്ണായക പ്രഹരങ്ങള്‍ ലക്നൗവിന് 12 റൺസ് വിജയം സമ്മാനിക്കുകയായിരുന്നു.

കെയിന്‍ വില്യംസണെയും അഭിഷേക് ശര്‍മ്മയെയും അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 38/2 എന്ന നിലയില്‍ ആയിരുന്നു. മൂന്നാം വിക്കറ്റിൽ 44 റൺസാണ് ത്രിപാഠി മാര്‍ക്രത്തിനൊപ്പം നേടിയത്. അതിൽ 12 റൺസ് മാത്രമായിരുന്നു മാര്‍ക്രത്തിന്റെ സംഭാവന.

ടോപ് ഓര്‍ഡറിൽ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 30 പന്തിൽ നിന്ന് രാഹുല്‍ 44 റൺസ് നേടിയെങ്കിലും താരത്തെ പുറത്താക്കി ക്രുണാൽ ലക്നൗവിന് പ്രതീക്ഷ സമ്മാനിക്കുകയായിരുന്നു.

30 പന്തിൽ 50 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. അപകടകാരിയായി മാറുകയായിരുന്ന നിക്കോളസ് പൂരനെ പുറത്താക്കി അവേശ് ഖാന്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 15 പന്തിൽ 27 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. വാഷിംഗ്ടൺ സുന്ദറുമായി താരം 26 പന്തിൽ 48 റൺസ് നേടിയിരുന്നു.

തൊട്ടടുത്ത പന്തിൽ അവേശ് ഖാന്‍ അബ്ദുള്‍ സമദിനെ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന്റെ കാര്യം കൂടുതൽ കഷ്ടത്തിലായി. 2 ഓവറിൽ 26 റൺസും ഒരോവറിൽ 16 റൺസുമായി ലക്ഷ്യം മാറിയപ്പോള്‍ ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ 18 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍ പുറത്തായി.

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സിന് 157 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് മത്സരത്തിൽ നിന്ന് നേടി.