ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍

ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക് മുന്നില്‍ ചൂളിയ ഓസ്ട്രേലിയ എ 108 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മത്സരത്തില്‍ 86 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടി.

32 റണ്‍സ് നേടിയ അലെക്സ് കാറെ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മാര്‍ക്കസ് ഹാരിസ് 26 റണ്‍സ് നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ആദ്യ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ജോ ബേണ്‍സ് പൂജ്യത്തിന് പുറത്തായി. ഇന്ത്യയ്ക്കായി ഷമിയും സൈനിയും മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും നേടി. മുഹമ്മദ് സിറാജിന് ഒരു വിക്കറ്റും ലഭിച്ചു. അവസാന വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.