രണ്ട് വിക്കറ്റ് കൂടി നഷ്ടം, ഇന്ത്യയ്ക്ക് മുന്നില്‍ ശ്രമകരമായ ദൗത്യം

ബ്രിസ്ബെയിന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 161/4 എന്ന നിലയില്‍. രണ്ടാം ദിവസത്തെ സ്കോറായ 62/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 25 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയെയാണ് ആദ്യം നഷ്ടമായത്.

45 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം ഇന്ത്യയുടെ സ്കോര്‍ 105ല്‍ നില്‍ക്കവെ ജോഷ് ഹാസല്‍വുഡ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. അജിങ്ക്യ രഹാനെയും മയാംഗ് അഗര്‍വാളും കൂടി ചേര്‍ന്ന് 39 റണ്‍സ് കൂടി നാലാം വിക്കറ്റില്‍ ചേര്‍ത്തുവെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് 38 റണ്‍സ് നേടിയ രഹാനെയെ മടക്കി അയയ്ക്കുകയായിരുന്നു.

ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റണ്‍സിന് 208 റണ്‍സ് പിന്നിലായാണ് നില്‍ക്കുന്നത്. 38 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളും 4 റണ്‍സ് നേടി ഋഷഭ് പന്തുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.