ഇന്നാണ് അങ്കം, പ്രീമിയർ ലീഗിലെ വമ്പന്മാർ നേർകുനേർ, ആൻഫീൽഡ് തകർക്കാൻ ആയോ യുണൈറ്റഡ്?

20210117 010957
Credit: Twitter

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിലെ ഏറ്റവും വലിയ പോരാട്ടമാണ് ഇന്ന് നടക്കാൻ പോകുന്നത്. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതുള്ള ലിവർപൂളിനെ ആണ് ഇന്ന് നേരിടുന്നത്. അതും ലിവർപൂളിന്റെ കോട്ടയായ ആൻഫീൽഡിൽ വെച്ച്. പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ വെച്ച് ഒരു മത്സരം തോറ്റ കാലം ലിവർപൂൾ മറന്നുപോയി കാണും. അവിടെ ചെന്ന് മൂന്ന് പോയിന്റ് നേടുക മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒട്ടും എളുപ്പമായിരിക്കില്ല.

എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ ഫോം ഗംഭീരമാണ്. ലീഗിൽ ഈ സീസണിൽ എവേ ഗ്രൗണ്ടിൽ ഒരു മത്സരം പോലും യുണൈറ്റഡ് പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ലിവർപൂളിലേക്കും വിജയിക്കൻ വേണ്ടിയാകും ഒലെയുടെ ടീം പോവുക‌. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നാം സ്ഥാനത്തെ ലീഡ് ആറു പോയിന്റാക്കി ഉയർത്താൻ ആകും. ലിവർപൂൾ വിജയിച്ചാൽ ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെ വരികയും ചെയ്യും.

ലിവർപൂളിന് പരിക്കുകൾ വലിയ പ്രശ്നമാണ്. എങ്കിലും ഡിഫൻഡർ മാറ്റിപ് തിരികെയെത്തിയത് പൂളിന് ആശ്വാസമാകും. മാറ്റിപും ഫാബിനോയും സെന്റർ ബാക്ക് ആയി ഇറങ്ങാൻ ആണ് സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ മാർഷ്യൽ പരിക്കിന്റെ പിടിയിലാണ്. ലിൻഡെലോഫും ഇറങ്ങാൻ സാധ്യത ഇല്ല. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.

Previous articleഅവസാനം ചെൽസി പ്രീമിയർ ലീഗിൽ വിജയ വഴിയിൽ
Next articleരണ്ട് വിക്കറ്റ് കൂടി നഷ്ടം, ഇന്ത്യയ്ക്ക് മുന്നില്‍ ശ്രമകരമായ ദൗത്യം