ന്യൂസിലാണ്ടിനെതിരെ അശ്വിനും ജഡേജയും കളിക്കണം – ആകാശ് ചോപ്ര

- Advertisement -

ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്ന് പറ‍ഞ്ഞ് ആകാശ് ചോപ്ര. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും ഫൈനലിൽ കളിക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും ചോപ്ര വ്യക്തമാക്കി. അഞ്ച് ബൗളര്‍മാരുമായി ഇന്ത്യ മത്സരത്തിനിറങ്ങണമെന്നും സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്ന കീവിസിന്റെ പൊതുവേയുള്ള പ്രകടനത്തെ ഇന്ത്യ ചൂഷണം ചെയ്യണമെന്നും ചോപ്ര പറഞ്ഞു.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ അശ്വിനും ജഡേജയ്ക്കും മികവ് പുലര്‍ത്താനാകുമെന്നാണ് കരുതുന്നതെന്നും ചോപ്ര സൂചിപ്പിച്ചു. ഏഷ്യന്‍ ടീമുകളുടെ അത്രയും മികവോടെ ന്യൂസിലാണ്ടിന് സ്പിൻ കളിക്കാനാകില്ലെന്നത് ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും അശ്വിനും ജഡേജയ്ക്കു ന്യൂസിലാണ്ടിനെ ബുദ്ധിമുട്ടിക്കാനാകുമെന്നും ചോപ്ര വ്യക്തമാക്കി.

ഇംഗ്ലണ്ടിൽ സ്പിന്നര്‍മാര്‍ക്ക് വലിയ പിന്തുണയുള്ള സാഹചര്യമല്ലെന്ന മൈന്‍ഡ്സൈറ്റ് ആദ്യം മാറ്റണമെന്നും ഒരു പോലത്തെ ആക്രമണമാകുമ്പോൾ ബാറ്റിംഗ് എളുപ്പമാകുമെന്നും അതിനാൽ വൈവിധ്യമെന്ന നിലയിൽ സ്പിന്നര്‍മാര്‍ക്കും ഇന്ത്യ ടീമിലിടം നല്‍കണമെന്നാണ് ചോപ്ര അഭിപ്രായപ്പെട്ടത്.

67 വിക്കറ്റുകളോടെ അശ്വിനാണ് ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയിൽ മൂന്നാമത്. 70 വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസ് ആണ് ഒന്നാം സ്ഥാനത്ത്.

Advertisement