ഇന്ത്യ-പാക് ബോര്‍ഡുകളുടെ നിയമപോരാട്ടങ്ങള്‍ക്ക് ദുബായ് സാക്ഷ്യം വഹിക്കും

- Advertisement -

ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബോര്‍ഡുകളുടെ നിയമപോരാട്ടങ്ങള്‍ക്ക് ദുബായ് കാഴ്ചയാവുമെന്ന് ഏറഎക്കുറെ ഉറപ്പായി. ഇന്ത്യ പാക്കിസ്ഥാനുമായി പരമ്പര കളിക്കുന്നതില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ബോര്‍ഡിനു കനത്ത നഷ്ടം സംഭവിച്ചുവെന്നും അതിനാല്‍ തന്നെ US$70m നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്ക് നല്‍കിയ പരാതിയിന്മേലുള്ള വാദമാണ് ഒക്ടോബര്‍ 1നു ആരംഭിക്കുന്നത്.

ഒക്ടോബര്‍ 1-3 വരെ ഐസിസിയുടെ ആസ്ഥാനമായ ദുബായിയിലാണ് കേസിന്റെ വാദം നടക്കുന്നതെങ്കിലും ഇംഗ്ലീഷ് നിയമത്തിനു കീഴിലാവും വാദം. ഇത് ഐസിസിയുടെ ഭരണഘടന പ്രകാരമുള്ള തീരുമാനമാണ്. അതിനാല്‍ തന്നെ ബ്രിട്ടീഷ് ആസ്ഥാനമായിട്ടുള്ള നിയമ ഉപദേശകരുടെ സേവനം ബോര്‍ഡുകള്‍ തേടിയിരിക്കുകയാണ്.

2007ല്‍ ടെസ്റ്റും 2013ല്‍ ഏകദിന പരമ്പരയുമാണ് ഇന്ത്യ അവസാനമായി പാക്കിസ്ഥാനെതിരെ കളിച്ച പരമ്പരകള്‍. ഇരു രാജ്യങ്ങളുമായി ഐസിസി നിയമ പ്രകാരം പരമ്പര കളിക്കണമെന്ന് ഉടമ്പടിയുണ്ടെങ്കിലും ബിസിസിഐ അത് പാലിച്ചില്ലെന്നാണ് പിസിബിയുടെ വാദം. എന്നാല്‍ തങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ഇതിനെക്കുറിച്ച് നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ബോര്‍ഡിനു മാത്രം കൈക്കൊള്ളാവുന്ന തീരുമാനമല്ല ഇതെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

Advertisement