കാലിടറി വീണ് ടീം ഇന്ത്യ, പരമ്പര കീശയിലാക്കി ഇംഗ്ലണ്ട്, റൂട്ടിനു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ശതകം

- Advertisement -

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ഹെഡിംഗ്‍ലിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയ്ക്കെതിരെ 8 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ഓയിന്‍ മോര്‍ഗന്‍-ജോ റൂട്ട് കൂട്ടുകെട്ട് നേടിയ 186 റണ്‍സ് അപരാജിത കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിംഗ്സ് 256/8 എന്ന സ്കോറില്‍ അവസാനിക്കുകയായിരുന്നു.

ജോണി ബൈര്‍സ്റ്റോ വെടിക്കെട്ട് തുടക്കത്തിനു ശേഷവും ജെയിംസ് വിന്‍സ് 27 റണ്‍സും നേടി മടങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരുടെ വെല്ലുവിളിയെ ഏറ്റെടുത്ത് ഇംഗ്ലണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനെ മികച്ച ജയത്തിലേക്ക് നയിച്ചത്. ബൈര്‍സ്റ്റോ 13 പന്തില്‍ 30 റണ്‍സ് നേടി ശര്‍ദ്ധുല്‍ താക്കൂറിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ജെയിംസ് വിന്‍സ് റണ്ണൗട്ടായാണ് പുറത്തായത്.

10ാം ഓവറില്‍ ക്രീസിലെത്തിയ റൂട്ട്-മോര്‍ഗന്‍ കൂട്ടുകെട്ട് പിന്നീട് മത്സരം ഇംഗ്ലണ്ട് പക്ഷത്തേക്ക് മാറ്റുകയായിരുന്നു. 33 പന്തുകള്‍ ശേഷിക്കെയാണ് ഇംഗ്ലണ്ടിന്റെ 8 വിക്കറ്റ് ജയം. ജോ റൂട്ട് 100 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 88 റണ്‍സ് സംഭാവന ചെയ്തു.

വിരാട് കോഹ്‍ലിയ്ക്ക് കീഴില്‍ ഇന്ത്യ ആദ്യമായാണൊരു ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പര കൈവിടുന്നത്. ഇന്ത്യ ഇതിനു മുമ്പ് ജനുവരി 2016ല്‍ 1-4നു ഓസ്ട്രേലിയയോട് പരമ്പര കൈവിട്ടതാണ് മുമ്പുള്ള തോല്‍വി. ഏകദേശം 30 മാസത്തോളം കഴിഞ്ഞാണിപ്പോള്‍ ഇന്ത്യയൊരു പരമ്പരയില്‍ പരാജയം അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement