CricketFeatured

വുമൺസ് ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാർസ്: രാധ യാദവിന്റെ കരുത്തിൽ ഇന്ത്യ എ ഫൈനലിൽ

Resizedimage 2026 02 20 12 16 14 1


ബാങ്കോക്കിലെ തേർഡ്‌തായ് ഗ്രൗണ്ടിൽ നടന്ന ആവേശകരമായ സെമി ഫൈനലിൽ ശ്രീലങ്ക എ ടീമിനെ അഞ്ച് വിക്കറ്റിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ എ ഫൈനലിൽ പ്രവേശിച്ചു. നായിക രാധ യാദവിന്റെ ബാറ്റിംഗിലെയും ബൗളിംഗിലെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 19.4 ഓവറിൽ വെറും 118 റൺസിന് എറിഞ്ഞിടാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 13.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.


നാല് വിക്കറ്റുകൾ വീഴ്ത്തി ശ്രീലങ്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച രാധ യാദവാണ് ബൗളിംഗിൽ തിളങ്ങിയത്. 3.4 ഓവറിൽ വെറും 19 റൺസ് മാത്രം വഴങ്ങിയാണ് താരം ഈ നേട്ടം കൈവരിച്ചത്. പ്രേമ റാവത്ത് (2/9), തനൂജ കൻവർ (2/20) എന്നിവർ രാധയ്ക്ക് മികച്ച പിന്തുണ നൽകി. ശ്രീലങ്കൻ നിരയിൽ ഓപ്പണർ സഞ്ജന കാവിന്ദി (31) മാത്രമാണ് അല്പമെങ്കിലും പൊരുതിയത്. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 71 റൺസ് എന്ന നിലയിലായിരുന്ന ശ്രീലങ്കയെ ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.

വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി വൃന്ദ ദിനേഷ് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. വെറും 20 പന്തിൽ നിന്ന് 42 റൺസ് അടിച്ചുകൂട്ടിയ വൃന്ദ പുറത്തായതോടെ ഇന്ത്യ നേരിയ പ്രതിസന്ധി നേരിട്ടെങ്കിലും രാധ യാദവ് ക്രീസിലെത്തിയതോടെ കളി മാറി. 18 പന്തിൽ നിന്ന് ഏഴ് ഫോറുകളടക്കം പുറത്താകാതെ 31 റൺസ് നേടിയ രാധ ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ഫെബ്രുവരി 22-ന് നടക്കുന്ന ഫൈനലിൽ പാകിസ്ഥാൻ എ – ബംഗ്ലാദേശ് എ സെമി ഫൈനൽ വിജയികളെയാകും ഇന്ത്യ നേരിടുക.