ഐസിസിയുടെ ഏപ്രില്‍ മാസത്തെ താരങ്ങളുടെ നോമിഷേനുകളില്‍ രണ്ട് പാക്കിസ്ഥാന്‍ താരങ്ങളും ഒരു നേപ്പാള്‍ താരവും

ഐസിസിയുടെ ഏപ്രില്‍ മാസത്തെ താരങ്ങളുടെ നോമിനേഷനില്‍ മൂന്ന് ഏഷ്യന്‍ താരങ്ങള്‍. പാക്കിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസമും ഫകര്‍ സമനുമൊപ്പം നേപ്പാളിന്റെ കുശല്‍ ബുര്‍ട്ടല്‍ ആണ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു താരം. ബാബര്‍ അസം ഏപ്രിലില്‍ മൂന്ന് ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളുമാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനങ്ങളില്‍ താരം 103, 94 എന്നീ സ്കോറുകള്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക സിംബാബ്‍വേ എന്നിവര്‍ക്കെതിരെയുള്ള ടി20 മത്സരങ്ങളില്‍ നിന്ന് താരം 305 റണ്‍സാണ് നേടിയത്. ഇതില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 59 പന്തില്‍ നിന്ന് നേടിയ 122 റണ്‍സും ഉള്‍പ്പെടുന്നു.

ഫകര്‍ സമന്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 302 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പെടുന്നു. താരം നേടിയ 193 റണ്‍സിന്റെ ഇന്നിംഗ്സ് വളരെ മികച്ച ഒന്നായിരുന്നു. നെതര്‍ലാണ്ട്സും മലേഷ്യയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ പ്രകടനം ആണ് കുശല്‍ ബുര്‍ട്ടലിന് പട്ടികയില്‍ ഇടം നല്‍കിയത്.

278 റണ്‍സാണ് താരം ടി20 പരമ്പരയില്‍ നിന്ന് നേടിയത്.