മികച്ച ബാറ്റ്സ്മാൻമാരുടെ ഏകദിന റാങ്കിങ്ങിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ബാബർ അസം

ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. പുതിയ റാങ്കിങ് പ്രകാരം ബാബർ അസം പതിനഞ്ചാം സ്ഥാനത്താണ്. ബാബർ അസമിന് 891 റേറ്റിംഗ് പോയിന്റും സച്ചിൻ ടെണ്ടുൽക്കറിന് 887 റേറ്റിംഗ് പോയിന്റുമാണ് ഉള്ളത്.

ബാബർ അസം പതിനഞ്ചാം സ്ഥാനത്ത് എത്തിയതോടെ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബർ അസമിന് റാങ്കിങ്ങിൽ മുന്നേറ്റം നൽകിയത്. പരമ്പരയിൽ രണ്ട് സെഞ്ച്വറി അടക്കം മൂന്ന് മത്സരങ്ങളിൽ നിന്ന് ബാബർ അസം 276 റൺസ് നേടിയിരുന്നു.

935 റേറ്റിംഗ് പോയിന്റുള്ള വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ വിവ് റിച്ചാർഡ്‌സ് ആണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ളത്. 911 റേറ്റിംഗ് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ആദ്യ പത്തിൽ ഇടം പിടിച്ച ഏക ഇന്ത്യൻ ബാറ്റ്സ്മാൻ.