കായിക പ്രേമികൾക്ക് ഇന്ന് തൃശ്ശൂർ പൂരം!! ഇന്ത്യ പാകിസ്താൻ മുതൽ എൽ ക്ലാസികോ വരെ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ തീയതി കായിക പ്രേമികൾ ഓർമ്മിച്ച് വെക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇന്ന് ക്രിക്കറ്റിലും ഫുട്ബോളിലും അത്രയും മികച്ച മത്സരങ്ങൾ ആണ് നടക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കായിക പ്രേമികളുടെയും ആദ്യ ശ്രദ്ധ ടി20 ക്രിക്കറ്റ് ലോകകപ്പിൽ ആയിരിക്കും. ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും ആണ് നേർക്കുനേർ വരുന്നത്. ക്രിക്കറ്റ് ലോകത്ത് ഇതിനേക്കാൾ ഒരു സൂപ്പർ പോരാട്ടം നടക്കാനില്ല. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഹോട് സ്റ്റാറിൽ തത്സമയം കാണാം.

ഫുട്ബോൾ ലോകത്ത് ഇന്ന് ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരുന്നുണ്ട്. മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരം രാത്രി 9 മണിക്കാണ്. മൊ സലാഹ, റൊണാൾഡോ എന്നിവർ നേർക്കുനേർ വരുന്നത് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ മാഞ്ചസ്റ്ററിൽ എത്തിക്കും.

അങ്ങ് ഇറ്റലിയിൽ രണ്ട് വമ്പൻ മത്സരങ്ങൾ ഇന്ന് നടക്കും. 9.30ന് നടക്കുന്ന മത്സരത്തിൽ ലീഗിൽ ഇപ്പോൾ ഒന്നാമത് നിൽക്കുന്ന നാപോളി മൗറീനോയുടെ റോമയെ നേരിടും. രാത്രി 12.15ന് മിലാനിൽ നടക്കുന്ന മത്സരത്തിൽ ഇന്റ മിലാനും യുവന്റസും ആണ് നേർക്കുനേർ വരുന്നത്.

ലാലിഗയിൽ മെസ്സി ഇല്ലാ കാലത്തിനു ശേഷമുള്ള ആദ്യ എൽ ക്ലാസികോ ആണ് നടക്കുന്നത്. ബാഴ്സലോണ ആണ് ആതിഥ്യം വഹിക്കുന്നത്. റയലിനെ ഇന്ന് തോൽപ്പിച്ചാൽ മാത്രമെ ബാഴ്സലോണക്ക് കിരീട പോരാട്ടത്തിലേക്ക് തിരികെ എത്താൻ കഴിയുകയുള്ളൂ. രാത്രി 7.45നാണ് എൽ ക്ലാസികോ നടക്കുന്നത്.

അങ്ങ് ഫ്രാൻസിലും ഒരു സൂപ്പർ പോരാട്ടം കാത്തു നിൽക്കുന്നുണ്ട് അവിടെ മെസ്സിയുടെയും എമ്പപ്പെയുടെയും നെയ്മറിന്റെയും പി എസ് ജി അവരുടെ വലിയ വൈരികളായ മാഴ്സയെ ആണ് നേരിടുന്നത്. ഫ്രഞ്ച് ലീഗും, ലാലിഗയും, സീരി എയും വൂട് സെലക്ടിൽ തത്സമയം കാണാൻ ആകും. പ്രീമിയർ ലീഗ് ഹോട്സ്റ്റാറിലും കാണാം.