ഹസീബ് ഹമീദ് രണ്ടാം ടെസ്റ്റിൽ കളിക്കുവാന്‍ ഏറെ സാധ്യത – ക്രിസ് സില്‍വര്‍വുഡ്

ഇംഗ്ലണ്ട് താരം ഹസീബ് ഹമീദ് ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ കളിക്കുവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ്. ഇത് സാധ്യമാക്കുകയാണെങ്കിൽ 2016ന് ശേഷം ഇതാദ്യമായാവും താരം വീണ്ടും ടെസ്റ്റ് ടീമിലേക്ക് എത്തുക.

ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിൽ റോറി ബേൺസ്, ഡൊമിനിക് സിബ്ലേ, സാക്ക് ക്രോളി എന്നിവര്‍ അധികം റൺസ് നേടാനാകാതെ ബുദ്ധിമുട്ടുന്നതാണ് ഹസീബിന് അവസരം സൃഷ്ടിക്കുവാനൊരുങ്ങുന്നത്. ജോ റൂട്ട് ഒഴികെ ആര്‍ക്കും ഇംഗ്ലണ്ട് നിരയിൽ റൺസ് കണ്ടെത്താനാകുന്നില്ലായിരുന്നു.

ടോപ് ഓര്‍ഡറിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്ന് ജോ റൂട്ടും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതെല്ലാം മികച്ച ഫോമിലുള്ള ഹസീബിന് അവസരം നല്‍കുമെന്നാണ് സൂചിപ്പിക്കുന്നത്.