ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയുടെ മിന്നും താരം, ദക്ഷിണാഫ്രിക്കയുടെ ലീഡ് 142 റണ്‍സ്

കേപ് ടൗണില്‍ നേടിയ 77 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡിനോടൊപ്പം രണ്ടാം ഇന്നിംഗ്സില്‍ 65/2 എന്ന നിലയില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ 142 റണ്‍സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 286 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 209 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ(93), ഭുവനേശ്വര്‍ കുമാര്‍(25) എന്നിവര്‍ എട്ടാം വിക്കറ്റില്‍ നേടിയ 99 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ ബാക്കി വെച്ചത്. വെറോണ്‍ ഫിലാന്‍ഡറും കാഗിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍ നിന്നത്. ഇരുവരും 3 വിക്കറ്റ് വീതം നേടി. ഡെയില്‍ സ്റ്റെയിന്‍, മോണേ മോര്‍ക്കല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എയ്ഡന്‍ മാര്‍ക്രം(34), ഡീന്‍ എല്‍ഗാര്‍(25) എന്നിവരെയാണ് നഷ്ടമായത്. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് രണ്ട് വിക്കറ്റും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial