പുജാരയ്ക്ക് ശതകം, നേരിയ ലീഡ് ഇന്ത്യയ്ക്ക്, മോയിന്‍ അലിയ്ക്ക് അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ സൗത്താംപ്ടണില്‍ 273 റണ്‍സിനു ഓള്‍ഔട്ട് ആയി ഇന്ത്യ. 27 റണ്‍സിന്റെ നേരിയ ലീഡ് ഇന്ത്യയ്ക്ക് മത്സരത്തില്‍ സ്വന്തമാക്കാനായിട്ടുണ്ട്. ചേതേശ്വര്‍ പുജാര പൊരുതി നേടിയ ശതകത്തിന്റെ ബലത്തിലാണ് ഇന്ത്യ 273 റണ്‍സിലേക്ക് എത്തിയത്. തന്റെ 15ാം ശതകമാണ് പുജാര ഇന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടില്‍ വെച്ചുള്ള ആദ്യ ശതകവും ഇംഗ്ലണ്ടിനെതിരെ ആദ്യത്തെതുമാണ് പുജാരയുടെ ഇന്നത്തെ ശതകം. 142/2 എന്ന നിലയില്‍ ശക്തമായി മുന്നേറുകയായിരുന്ന ഇന്ത്യ വിരാട് കോഹ്‍ലി പുറത്തായ ശേഷം തകരുകയായിരുന്നു. പുജാരയ്ക്ക് പിന്തുണയേകുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

പുജാര 132 റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുവാന്‍ സഹായിച്ചു. പുജാരയ്ക്ക് പിന്തുണ നല്‍കി ഇഷാന്ത് ശര്‍മ്മയും(14), ജസ്പ്രീത് ബുംറയും(6) ഇന്നിംഗ്സിന്റെ അവസാനത്തോട് നടത്തിയ ചെറുത്ത് നില്പാണ് ഇന്ത്യയ്ക്ക് ലീഡ് നേടുവാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിനായി മോയിന്‍ അലിയാണ് ഇന്ത്യന്‍ മധ്യനിരയെയും വാലറ്റത്തെയും കുഴക്കി അഞ്ച് വിക്കറ്റ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 6/0 എന്ന നിലയിലാണ് രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍.

Previous articleചെൽസി യുവ സ്ട്രൈക്കർ ആസ്റ്റൺ വില്ലയിൽ
Next articleആഴ്‌സണൽ താരത്തെ സ്വന്തമാക്കി ബുണ്ടസ് ലീഗ ക്ലബായ ഹോഫൻഹെയിം