വാങ്കഡേ ഏകദിനവും മാറ്റി, ഇനി ആതിഥ്യം വഹിക്കുക ബ്രാബോണ്‍ സ്റ്റേഡിയം

2009ല്‍ ശ്രീലങ്ക ടെസ്റ്റ് മത്സരം ആതിഥേയത്വം വഹിച്ച ശേഷം ഇതാദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിനു വേദിയാകാനായി മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം തയ്യാറാകുന്നു. വാങ്കഡേ സ്റ്റേഡിയത്തില്‍ നിന്ന് നാലാം ഏകദിനം മാറ്റുവാന്‍ തീരുമാനിച്ചതോടെയാണ് ഈ പുതിയ സംഭവ വികാസം ഉടലെടുത്തത്. കഴിഞഅഞ കുറച്ച് കാലമായി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനും ബിസിസിഐയും തമ്മില്‍ കോംപ്ലിമെന്ററി പാസുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് അറിയുന്നത്.

നേരത്തെ ഇന്‍ഡോറില്‍ നടക്കാനിരുന്ന രണ്ടാം ഏകദിനവും സമാനമായ കാരണത്താല്‍ വിശാഖപ്പട്ടണത്തിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് മാത്രമല്ല പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇപ്പോള്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷനില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുവാനായി അധികാരപ്പെട്ട ആരും തന്നെയില്ല എന്നതും മത്സരം നടത്തുന്നതില്‍ നിന്ന് വിമുഖത പ്രകടിപ്പിക്കുവാന്‍ മുംബൈയെ പ്രേരിപ്പിച്ചിരുന്നു.

സിഒഎ അധികമായി 600 ടിക്കറ്റ് നല്‍കാമെന്ന് പറഞ്ഞപ്പോളും എംസിഎ 7000 ടിക്കറ്റുകളാണ് കോംപ്ലിമെന്ററി പാസായി ആവശ്യപ്പെട്ടത്. 330 ക്ലബ്ബ് അംഗങ്ങള്‍ക്ക് നാല് ടിക്കറ്റ് വീതം നല്‍കണമെന്നും മത്സരം നടത്തുന്നതിനായുള്ള വിവിധ വകുപ്പുകള്‍ക്ക് പാസ് നല്‍കേണ്ടതായുണ്ടെന്നും അറിയിച്ചാണ് ഈ പിടിവാശി മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ പിടിച്ചത്.