മധ്യ നിരയിലെ പ്രശ്നങ്ങള്‍ ശരിയാക്കുവാനാകും പാക്കിസ്ഥാന്റെ ശ്രമം – മിസ്ബ ഉള്‍ ഹക്ക്

ലോകകപ്പിന് മുമ്പ് ടീമിന്റെ മധ്യ നിരയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാവും പാക്കിസ്ഥാന്റെ ശ്രമമെന്ന് പറഞ്ഞ് മിസ്ബ ഉള്‍ ഹക്ക്. ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയും ഏകദിന പരമ്പരയ്ക്കും ശേഷം പാക്കിസ്ഥാന്‍ വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കുവാന്‍ അങ്ങോട്ട് യാത്രയാകും.

14 താരങ്ങളെയാണ് പാക്കിസ്ഥാന്‍ മധ്യനിരയിൽ മിസ്ബ ചുമതലയേറ്റ ശേഷം പരീക്ഷിച്ചിട്ടുള്ളത്. അടുത്ത മാസങ്ങളിൽ അസം ഖാനും ഷൊയ്ബ് മക്സൂദും ആയിരിക്കും ഈ രണ്ട് സ്ലോട്ടിലേക്ക് തങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം മുതലാക്കുവാന്‍ ശ്രമിക്കുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ശേഷം കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമായിട്ടുണ്ടെന്നും 5, 6 നമ്പറുകളിലേക്കുള്ള സ്ലോട്ടുകളിലേക്ക് അസം ഖാനെയും ഷൊയ്ബ് മക്സൂദിനെയും പരീക്ഷിക്കുമ്പോള്‍ എന്തെല്ലാം കോമ്പിനേഷനുകളാകും ടീം നോക്കുന്നതെന്ന് പരീക്ഷിക്കുവാനുള്ള സമയം കൂടിയാണ് ഇതെന്നും മിസ്ബ വ്യക്തമാക്കി.

ബൗളിംഗ് വിഭാഗത്തിലും ടോപ് ഓര്‍ഡറിലും താന്‍ പരിപൂര്‍ണ്ണ സംതൃപ്തനാണെന്നും ടോപ് ഓര്‍ഡറിൽ നാല് മികച്ച താരങ്ങളും ആവശ്യമെങ്കിൽ അവര്‍ക്കുള്ള പകരക്കാര് താരങ്ങളുമുണ്ടെന്നും എന്നാൽ മധ്യനിരയാണ് പ്രശ്ന പരിഹാരം ആവശ്യമായ ഒരു മേഖലയെന്നും മിസ്ബ വ്യക്തമാക്കി.