16 റൺസ് ജയം, പരമ്പരയിൽ ഒപ്പമെത്തി ദക്ഷിണാഫ്രിക്ക

വിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ നേടിയത് 166/7 എന്ന സ്കോറാണെങ്കിലും 16 റൺസിന്റെ വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുവാനും ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ജോര്‍ജ്ജ് ലിന്‍ഡേ തന്റെ രണ്ടോവറിൽ നിക്കോളസ് പൂരനെയും ആന്‍ഡ്രേ റസ്സലിനെയും പുറത്താക്കിയപ്പോള്‍ വിന്‍ഡീസ് 70/5 എന്ന നിലയിലേക്ക് വീണ ശേഷം ജേസൺ ഹോള്‍ഡര്‍(20), ഫാബിയന്‍ അല്ലെന്‍(12 പന്തിൽ 34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസേ ആതിഥേയര്‍ക്ക് നേടാനായുള്ളു.

ആന്‍‍ഡ്രേ ഫ്ലെച്ചര്‍(35), എവിന്‍ ലൂയിസ്(21) എന്നിവര്‍ ചേര്‍ന്ന് തുടക്കം പതിവ് പോലെ മികച്ച രീതിയിലാണ് നല്‍കിയതെങ്കിലും ലൂയിസിനെ നോര്‍ക്കിയയും ക്രിസ് ഗെയിലിനെ റബാഡയും വീഴ്ത്തിയതോടെ വിന്‍ഡീസ് തകരുകയായിരുന്നു. 62/2 എന്ന നിലയിൽ നിന്ന് 70/5 എന്ന നിലയിലേക്ക് ടീം വീഴുന്ന കാഴ്ചയാണ് കണ്ടത്.

ലിന്‍ഡേ 4 ഓവറിൽ 19 റൺസ് മാത്രം വിട്ട് നല്‍കി 2 വിക്കറ്റ് നേടിയപ്പോള്‍ കാഗിസോ റബാഡ 3 വിക്കറ്റ് നേടി.