ഇംഗ്ലണ്ടിനു വെല്ലുവിളിയുയര്‍ത്തി പാക്കിസ്ഥാന്‍, 12 റണ്‍സ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ 373 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഫകര്‍ സമന്‍ മികച്ച ശതകവുമായി പൊരുതിയെങ്കിലും താരം പുറത്തായ ശേഷം ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ കാലിടറി പാക്കിസ്ഥാന്‍. ഇന്ന് സൗത്താംപ്ടണില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ 361/7  എന്ന സ്കോര്‍ മാത്രം നേടിയപ്പോള്‍ ഇംഗ്ലണ്ട് 12 റണ്‍സ് വിജയം കരസ്ഥമാക്കുകയായിരുന്നു.

106 പന്തില്‍ നിന്ന് 138 റണ്‍സ് നേടിയ ഫകര്‍ സമനും 51 റണ്‍സ് നേടിയ ബാബര്‍ അസമും പന്തുകളുടെ വ്യത്യാസത്തില്‍ പുറത്തായപ്പോള്‍ പാക്കിസ്ഥാന്‍ 227/1 എന്ന നിലയില്‍ നിന്ന് 233/3 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ചേസിംഗില്‍ വേണ്ടത്ര നിലയില്‍ ശോഭിയ്ക്കുവാന്‍ പാക്കിസ്ഥാനായില്ല. രണ്ടാം വിക്കറ്റില്‍ 135 റണ്‍സാണ് ഇരുവരും നേടിയത്.

ഇരുവരും പുറത്തായ ശേഷം പാക് പ്രതീക്ഷയായി ആസിഫ് അലി ബാറ്റ് വീശിയെങ്കിലും 36 പന്തില്‍ 51 റണ്‍സ് നേടി താരവും പുറത്തായതോടെ കാര്യങ്ങള്‍ പാക്കിസ്ഥാന് ശ്രമകരമായി മാറി. അവസാന നാലോവറില്‍ 49 റണ്‍സ് നേടേണ്ടിയിരുന്ന പാക്കിസ്ഥാന് വേണ്ടി സര്‍ഫ്രാസും ഇമാദ് വസീമും ആദില്‍ റഷീദ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ 17 റണ്‍സ് നേടിയെങ്കിലും ഇമാദ് വസീമിനെ(8) ഡേവിഡ് വില്ലി പുറത്താക്കിയതോടെ പാക്കിസ്ഥാന്‍ വീണ്ടും പ്രതിരോധത്തിലായി.

വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് പാക് താരങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 19 റണ്‍സായി മാറി. സര്‍ഫ്രാസ് അഹമ്മദ് ക്രീസിലുള്ളത് മാത്രമായിരുന്നു പാക്കിസ്ഥാന്‍ ക്യാമ്പിലെ പ്രതീക്ഷ. എന്നാല്‍ ഓവറില്‍ നിന്ന് ആറ് റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. 32 പന്തില്‍ നിന്ന് സര്‍ഫ്രാസ് 41 റണ്‍സ് നേടി പുറത്താകാതെ നിന്നുവെങ്കിലും 7 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന് 361 റണ്‍സ് മാത്രമേ നേടാനായുള്ളു.