അവസാന പന്തില്‍ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്

- Advertisement -

വനിത ടി20 ചലഞ്ചില്‍ ആവേശകരമായ വിജയം ഉറപ്പാക്കി സൂപ്പര്‍നോവാസ്. 122 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സൂപ്പര്‍നോവാസ് തുടക്കത്തില്‍ തകര്‍ന്ന് 64/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ഹര്‍മ്മന്‍പ്രീത് കൗറിന്റെ അര്‍ദ്ധ ശതകത്തിന്റ ബലത്തില്‍ വിജയത്തിനു അടുത്തെത്തുകയായിരുന്നു. താരം 37 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പുറത്താകുമ്പോള്‍ 7 റണ്‍സായിരുന്നു ജയത്തിനായി നാല് പന്തില്‍ നിന്ന് സൂപ്പര്‍നോവാസ് നേടേണ്ടിയിരുന്നത്. രാധ യാദവ് 4 പന്തില്‍ നിന്ന് നേടിയ 10 റണ്‍സിന്റെ ബലത്തില്‍ അവസാന പന്തില്‍ സൂപ്പര്‍നോവാസ് 4 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.

നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ 51 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് ലിയ തഹാഹു കൂട്ടുകെട്ടാണ് സൂപ്പര്‍നോവാസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതില്‍ ബഹുഭൂരിഭാഗം സ്കോറിംഗും നടത്തിയത് ഹര്‍മ്മന്‍പ്രീത് കൗര്‍ ആയിരുന്നു. 4 ഫോറും 3 സിക്സുമാണ് താരം നേടിയത്. വെലോസിറ്റിയ്ക്ക് വേണ്ടി ജഹ്നാര ആലം, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെലോസിറ്റി 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. 37/5 എന്ന നിലയിലേക്ക് വീണ ടീമിനെ സുഷ്മ വര്‍മ്മ-അമേലിയ കെര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. ആറാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും നേടിയത്. സുഷ്മ 40 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അമലേിയ 36 റണ്‍സ് നേടി.

ലിയ തഹാഹുവാണ് വെലോസിറ്റിയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. സോഫി ഡിവൈന്‍, നത്താലി സ്കിവര്‍, പൂനം യാദവ്, അനൂജ പാട്ടീല്‍ എന്നിവര്‍ സൂപ്പര്‍നോവാസിനായി ഓരോ വിക്കറ്റ് നേടി.

Advertisement