ലക്ഷ്യം എത്ര തന്നെയായാലും അതിനായി ഇംഗ്ലണ്ട് ശ്രമിക്കും – ജോണി ബൈര്‍സ്റ്റോ

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് തകര്‍ന്നടി‍ഞ്ഞപ്പോള്‍ ഇന്ത്യ കൂറ്റന്‍ ലീഡ് നേടുമെന്നാണ് തോന്നിപ്പിച്ചതെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യയുടെ ലീഡ് 132 റൺസിലൊതുക്കുകയായിരുന്നു.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 125/3 എന്ന സ്കോര്‍ നേടിയതോടെ ഇന്ത്യയുടെ കൈവശം 257 റൺസിന്റെ ലീഡായി. എന്നാൽ ലക്ഷ്യം എത്ര തന്നെ ആയാലും ഇംഗ്ലണ്ട് അത് നേടുവാന്‍ ശ്രമിക്കുമെന്നായിരുന്നു ജോണി ബൈര്‍സ്റ്റോയുടെ പ്രതികരണം.

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മൈന്‍ഡ്സെറ്റ് തന്നെയായിരിക്കും ഇന്ത്യയ്ക്കെതിരെയെന്നും ബൈര്‍സ്റ്റോ കൂട്ടിചേര്‍ത്തു. ന്യൂസിലാണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ 299 റൺസ് ആണ് ഇംഗ്ലണ്ട് നാലാം ഇന്നിംഗ്സിൽ ചേസ് ചെയ്തത്. ഇവിടെ അതിലും വലിയ ലക്ഷ്യമായിരിക്കും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്.

അല്ലാത്ത പക്ഷം ബൗളര്‍മാരിൽ നിന്ന് അവിസ്മരണീയ ബൗളിംഗ് പ്രകടനം വന്ന് ആദ്യ സെഷനിൽ തന്നെ ഇന്ത്യയെ എറിഞ്ഞിടുവാന്‍ അവര്‍ക്ക് കഴിയണം. 400ന് മുകളിലുള്ള ലക്ഷ്യം ആണെങ്കിലും അത് നേടുവാന്‍ തന്നെയാവും ഇംഗ്ലണ്ട് ശ്രമിക്കുക എന്നാണ് ബൈര്‍സ്റ്റോ അഭിപ്രായപ്പെട്ടത്.

250ന് മേലുള്ള ചേസിംഗ് വിജയകരമായി നടത്തി ലോക റെക്കോര്‍ഡ് നേടിയ ഇംഗ്ലണ്ട് അതേ കാഴ്ചപ്പാടോടു കൂടിയാവും എഡ്ജ്ബാസ്റ്റണിലെ നാലാം ഇന്നിംഗ്സിനെ സമീപിക്കുക എന്നും ബൈര്‍സ്റ്റോ പറഞ്ഞു.